
NEWSDESK
ചെന്നെെ: യൂട്യൂബിൽ നോക്കി വീട്ടിൽ പ്രസവമെടുത്തതിന് പിന്നാലെ യുവതി മരിച്ചു. കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം ലോകനായകിയാണ് (27) പ്രസവത്തെത്തുടർന്നുണ്ടായ അമിതരക്തസ്രാവം മൂലം മരണപെട്ടത് . സംഭവത്തിൽ മദേഷിനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെയാണ് ലോകനായകി വീട്ടിൽ പ്രസവിച്ചത്. യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് മുൻകെെയെടുത്ത് വീട്ടിൽ തന്നെ പ്രസവം നടത്തുകയായിരുന്നു. പ്രസവത്തിന് പിന്നാലെ യുവതിയുടെ നില വഷളായി. തുടർന്ന് ഭാര്യയെയും കുഞ്ഞിനെയും മദേഷ് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ യുവതി മരിച്ചതായി ഡോക്ടർ പറഞ്ഞു. തുടർന്ന് മെഡിക്കൽ ഓഫീസറാണ് പൊലീസിന് വിവരം കൈമാറിയത് .
പൊലീസ് അന്വേഷണത്തിലാണ് യൂട്യൂബ് നോക്കിയാണ് മദേഷ് പ്രസവമെടുക്കുന്ന രീതി മനസിലാക്കിയതെന്ന് കണ്ടെത്തി. ഇയാൾ വീട്ടിൽ പ്രസവമെടുക്കുന്ന രീതി യൂട്യൂബിൽ നിരന്തരം കണ്ടിരുന്നതായി അയൽക്കാരും മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുറ്റം സ്ഥിരീകരിച്ചാൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
