
Web Desk
നിലവിലെ മാനദണ്ഡപ്രകാരം പിജി മെഡിക്കൽ കൗൺസിലിങ്ങ് നടത്താൻ സുപ്രീം കോടതിയുടെ അനുമതി. അഖിലേന്ത്യാ മെഡിക്കൽ ക്വോട്ടയിൽ മുന്നാക്ക വിഭാഗ(ഇഡബ്ള്യുഎസ്), മറ്റു പിന്നാക്ക വിഭാഗ(ഒബിസി) സംവരണം ഏർപ്പെടുത്തിയതു ചോദ്യം ചെയ്തുള്ള ഹർജികളിലെ തീർപ്പു വൈകിയതു കൗൺസിലിങ് അനിശ്ചിതത്വത്തിലാക്കിയിരുന്നു. കേസിൽ രണ്ടു ദിവസം തുടർച്ചയായി വാദം കേട്ട കോടതി കൗൺസിലിങ് ഒട്ടുംവൈകാതെ തുടങ്ങാൻ അനുവദിച്ചു. കേന്ദ്രസർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ചാണു കോടതി വിധി.
അഖിലേന്ത്യ ക്വോട്ടയിൽ 27% സംവരണം അനുവദിക്കുന്നതിന്റെ ഭരണഘടനാ സാധുത ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എസ്.ബൊപ്പണ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ ശരിവച്ചു. 8 ലക്ഷം രൂപ വരുമാന പരിധി ഉൾപ്പെടെ മുന്നാക്ക സംവരണം നടപ്പാക്കുമ്പോഴുള്ള മാനദണ്ഡങ്ങളുടെ കാര്യത്തിലും ഈ വർഷം മാറ്റമില്ല. മുന്നാക്ക സംവരണം ഭാവിയിൽ നടപ്പാക്കുമ്പോഴുള്ള വ്യവസ്ഥകൾ ഹർജികളിലെ അന്തിമ തീർപ്പിന്റെ അടിസ്ഥാനത്തിലാകും.
2019ൽ ഇഡബ്ല്യുഎസുമായി ബന്ധപ്പെട്ട ഓഫിസ് മെമ്മോറാണ്ടത്തിലെ വ്യവസ്ഥകൾ തന്നെയാണോ മുന്നാക്ക സംവരണത്തിൽ ബാധകമാക്കേണ്ടത് എന്നാണ് കോടതി പരിശോധിക്കുന്നത്. വരുമാന പരിധി 8 ലക്ഷം രൂപയാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണന്ന ചോദ്യം ഉയർത്തിയ കോടതി, ഇതേക്കുറിച്ചു പഠിക്കാൻ കേന്ദ്രം നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പൂർണമായും ശരിവച്ചു. ഇതനുസരിച്ച്, ഇഡബ്യുഎസ് വരുമാന പരിധിയിൽ മാറ്റമുണ്ടാകില്ല.
