ഭൂമിക്കടിയിൽ നിന്ന് അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ വയനാടിന് പിറകെ ,കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം

കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായെന്ന് വിവരം. കൂടരഞ്ഞിയില്‍ ഭൂമിക്ക് അടിയിൽ നിന്ന് അസാധാരണ ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. കോഴിക്കോട് കാവിലും പാറ കലങ്ങോടും ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടതായി നാട്ടുകാർ അറിയിച്ചെന്ന് കൂടരഞ്ഞി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ് പറഞ്ഞു. ഭൂചലനം ആണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവ സ്ഥലത്ത് പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം പുതുപ്പാടി കണ്ണപ്പൻകുണ്ട് ഭാഗത്തും പ്രകമ്പനം അനുഭവപ്പെട്ടു എന്ന് പ്രദേശവാസികൾ അറിയിച്ചു.

വയനാട്ടിൽ ചില പ്രദേശങ്ങളില്‍ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കോഴിക്കോട് കുടരഞ്ഞിയിലും സമാനമായ സംഭവം ഉണ്ടായെന്ന വാര്‍ത്ത പുറത്ത് വരുന്നത്. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വലിയ മുഴക്കവും നേരിയ കുലുക്കവും റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്. രാവിലെ 10 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന കേരള ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചു. വലിയ പ്രകമ്പനം എവിടെയും അനുഭവപ്പെട്ടിട്ടില്ലെന്നാണ് നാഷണൽ സീസ്മോളജി സെൻ്ററിനെ ഉദ്ധരിച്ച് കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും അറിയിക്കുന്നത്.

error: Content is protected !!