Site icon CTV Online

തോമസ് മാഷിനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങും; കെ.വി.തോമസ് തനിക്കെതിരെ പറയില്ലെന്ന് ഉമ തോമസ്

Web Desk

കെ.വി.തോമസ് തനിക്കെതിരെ പറയില്ലെന്ന് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ്. കെ.വി.തോമസ് തങ്ങളെ എന്നും ചേര്‍ത്ത് പിടിച്ചിട്ടേയുളളൂ. തോമസ് മാഷിനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങുമെന്നും ഉമ തോമസ് പറഞ്ഞു. ‘എല്ലാവരുടേയും സഹകരണം എനിക്ക് വേണം. മാഷ് ഒരിക്കലും എനിക്കെതിരെ ഒന്നും പറയില്ല. ഞങ്ങള്‍ തമ്മിലുള്ള കുടുംബ ബന്ധം അത്രക്കുമുണ്ട്. ഞാന്‍ മാഷിനെ പോയി കാണും. ഇന്നലെ മാഷിനെ ഫോണില്‍ വിളിച്ചിരുന്നു. മാഷ് വേറെ ഫോണില്‍ ആയതിനാല്‍ മാഷിനോട് സംസാരിക്കാന്‍ സാധിച്ചില്ല. ചേച്ചി പറഞ്ഞു ഞങ്ങളുടെ എല്ലാ അനുഗ്രഹവും ഉണ്ടാകുമെന്ന്. മാഷിനൊന്നും ഞങ്ങളെ മറക്കാന്‍ പറ്റില്ല. ചേര്‍ത്ത് പിടിച്ചിട്ടേയുള്ളു അവരൊക്കെ. ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് എല്ലാവരും കൂട്ടായി നില്‍ക്കും’ഉമ തോമസ് പറഞ്ഞു.

തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഉമ തോമസിനെ തീരുമാനിച്ചതില്‍ എതിര്‍പ്പുമായി കെ.വി. തോമസ് രംഗത്തെത്തിയിരുന്നു.ഉമയുമായി നല്ല ബന്ധമാണുള്ളതെന്ന് കെ.വി. തോമസ് പറഞ്ഞു. കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. അത് വ്യക്തിപരമാണ്, എന്നാല്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത് വികസനമാണ്. കെ റെയില്‍ അന്ധമായി എതിര്‍ക്കരുതെന്ന് ആദ്യം പറഞ്ഞിരുന്നു. കേരളത്തില്‍ വികസനമുണ്ടാകുമെന്ന് ബോധ്യപ്പെടുത്തേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളാണെന്നും കെ.വി. തോമസ് പറഞ്ഞു. വികസന കാര്യം എവിടെയാണ് പറയാന്‍ കഴിയുന്നത് അവിടെ പ്രചാരണത്തിന് ഇറങ്ങും. കോണ്‍ഗ്രസിനോട് വിയോജിപ്പില്ലെന്നും തോമസ് പറഞ്ഞു.

Exit mobile version