
newsdesk
പേരാമ്പ്ര: അമ്മ ഇനി ഒരിക്കലും തിരിച്ച് വരില്ലെന്ന സത്യം മക്കളോട് എങ്ങനെ പറയുമെന്നറിയാതെ കണ്ണീരോടെ നിൽക്കാനെ നാട്ടുകാർക്കും, ബന്ധുക്കൾക്കും കഴിയുന്നുള്ളൂ. ഉള്ള്യേരി കരുവണ്ണൂരിൽ ഇന്നലെ വൈകിട്ട് വാഹനാപകടത്തിൽ മരണപ്പെട്ട രമ്യയുടെ വേർപാട് ആർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല .
നാട്ടിൽ എല്ലാ കാര്യത്തിനും സജീവമായി ഇടപെടുന്ന ആളാണ് രമ്യ. തൊഴിലുറപ്പ് മേറ്റായും പ്രവർത്തിക്കുന്നു. വളരെ കൃത്യതയോടെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നടത്താൻ രമ്യ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഒരു മരണ വീട്ടിലും ബന്ധുവീടുകളിലും പോകാൻ ഉള്ളതിനാൽ തൊഴിലുറപ്പിൽ അവധിയെടുത്താണ് രമ്യ ഭർത്താവ് അനീഷിനൊപ്പം പോയത്. വേഗം തിരിച്ചെത്താൻ വേണ്ടി അടുത്ത വീട്ടിൽ നിന്ന് വണ്ടി എടുത്താണ് രണ്ട് പേരും പോയത്. ഇനി ഒരിക്കലും തിരിച്ച് വരാത്ത യാത്രയാണ് അതെന്നറിയാതെയുള്ള യാത്ര.
ഉള്ള്യേരി-കുറ്റ്യാടി സംസ്ഥാന പാതയില്‍ കരുവണ്ണൂരില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. രമ്യ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റ അനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുവണ്ണൂര്‍ ടൗണില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം.
ബസിനും പിക്കപ്പ് വാനിനും ഇടയില്‍ സ്‌ക്കൂട്ടര്‍ കുടുങ്ങിപ്പോയാണ് അപകടമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് വരികയായിരുന്ന പുലരി ബസിന് പിന്നിലായി സ്‌ക്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ പേരാമ്പ്ര ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാന്‍ തട്ടുകയായിരുന്നു. ബസിനിടയില്‍പ്പെട്ടാണ് രമ്യ മരിച്ചത്.
മക്കള്‍: ആദിദേവ് (വിദ്യാർത്ഥി പടത്തു കടവ് ഹോളീ ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ ), ദേവദത്ത് (വിദ്യാർത്ഥി പടത്തു കടവ് ഹോളീ ഫാമിലി യു.പി സ്കൂൾ).
കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.