
Web Desk
സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരൻ കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് അറസ്റ്റിലായ പ്രതികൾക്ക് നിരോധിത ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. മാർച്ച് 30ന് ജയ്പുരിൽ ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇതിൽ ഒരാൾക്ക് പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ദാവത് ഇ ഇസ്‌ലാമി എന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചിരുന്നു.
ദാവത് ഇ ഇസ്‌ലാമി വഴി ഐഎസുമായി ബന്ധമുള്ള അൽ-സുഫ സംഘടനയുടെ തലവനായിരുന്നു റിയാസ് അഖ്താരി. ഇയാൾക്ക് നേരത്തേ രാജസ്ഥാനിലെ ടോങ്കിൽ നിന്ന് അറസ്റ്റിലായ ഐഎസ് ഭീകരൻ മുജീബുമായും ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഉദയ്പുരിലെ മറ്റൊരു വ്യവസായിയെ കൊല്ലാൻ പോവുകയായിരുന്നുവെന്ന് പ്രതികൾ ചോദ്യം ചെയ്യലിനിടെ പറഞ്ഞതായും പൊലീസ് വെളിപ്പെടുത്തി.
