
Web Desk
ടെലിവിഷൻ ഓഫ് ചെയ്തതിലെ വൈരാഗ്യത്തിൽ സുഹൃത്തിനെ വെട്ടിപ്പരിക്കേൽപിച്ച രണ്ടുപേർ അറസ്റ്റിൽ. മുണ്ടക്കയം വണ്ടൻപതാൽ മൂന്നു സെന്റ് കോളനി ഭാഗത്ത് പുതുപ്പറമ്പിൽ വിൽസൺ (49), മുണ്ടക്കയം പറത്താനം നാലു സെന്റ് കോളനി പുതുപ്പറമ്പിൽ വീട്ടിൽ പ്രകാശ് (42) എന്നിവരെയാണ് മുണ്ടക്കയം സി.ഐ എ. ഷൈൻ കുമാറിെൻറ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
വണ്ടൻപതാൽ സ്വദേശി നാസറിനെയാണ് വാക്കത്തികൊണ്ട് വെട്ടിയത്. ഇവർ മൂവരും കഴിഞ്ഞ ദിവസം സന്ധ്യയോടെ വണ്ടൻപതാൽ മൂന്നുസെന്റ് കോളനി ഭാഗത്തുള്ള സ്റ്റേഷനറി കടയിൽ ടി.വി കാണുന്നതിനിടെ നാസർ ഓഫ് ചെയ്തു. ഇതേ ചൊല്ലി വാക്തര്ക്കം ഉണ്ടായി. തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ വീണ്ടും നാസറിനെ കണ്ടതോടെ ഇരുവരും ചേർന്ന് കൈയിൽ കരുതിയിരുന്ന വാക്കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു.
ശേഷം ഇരുവരും ഒളിവിൽപോയി. തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. എസ്.ഐമാരായ സി.എസ്. ബാബു, അനൂപ് കുമാർ, എ.എസ്.ഐമാരായ കെ.ജി. മനോജ്, ആർ. രാജേഷ്, സി.പി.ഒമാരായ രഞ്ജു, ജ്യോതിഷ്, ജോൺസൺ, അജിത്, രഞ്ജിത്, നൂറുദ്ദീൻ, ഷെഫീഖ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
