Site icon CTV Online

സങ്കീര്‍ണ ശസ്ത്രക്രിയയെത്തുടർന്ന് ,കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പത്താം ക്ലാസുകാരിയുടെ ആമാശയത്തില്‍ നിന്നും നീക്കം ചെയ്തത് രണ്ട് കിലോ മുടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ ആമാശയത്തില്‍നിന്ന് രണ്ടുകിലോയോളം തൂക്കമുള്ള മുടിക്കെട്ട് നീക്കംചെയ്തു. പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ ആമാശയത്തില്‍നിന്നാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മുടി നീക്കം ചെയ്തത്. ആമാശയത്തിന്റെ അതേ രൂപത്തിലായിരുന്നു മുടിക്കെട്ട്. ഇതിന് 30 സെന്റീമീറ്റര്‍ നീളവും 15 സെന്റീമീറ്റര്‍ വീതിയുമുണ്ട്. ശസ്ത്രക്രിയക്കുശേഷം കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്ന് ഡോക്ടര്‍ പറഞ്ഞു.

അമിത ആകാംക്ഷയും അമിതസമ്മര്‍ദവുമുള്ള കുട്ടികളിലും ചെറുപ്പക്കാരിലും, പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍ കാണുന്ന അവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പലകാലങ്ങളിലായി കടിക്കുകയും വിഴുങ്ങുകയും ചെയ്ത തലമുടി ആമാശയത്തിനുള്ളില്‍ കെട്ടുപിണഞ്ഞ് ആഹാരാംശവുമായി ചേര്‍ന്ന് ട്യൂമറായി മാറും. ഇത് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കും. വിളര്‍ച്ചയ്ക്കും വളര്‍ച്ച മുരടിക്കാനും ഇടയാക്കും. ക്ഷീണിതരാവുമ്പോഴാണ് പൊതുവേ ആശുപത്രിയിലെത്തുക. ഇതിന്റെ ശാസ്ത്രീയനാമം ‘ട്രൈക്കോബിസയര്‍’ എന്നാണ്.

സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. വൈ. ഷാജഹാന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഡോ. വൈശാഖ് ചന്ദ്രന്‍, ഡോ. ജെറി ജോര്‍ജ്, ഡോ. ബി രജിത്ത്, ഡോ. അഞ്ജലി അനില്‍, അനസ്തേഷ്യ വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. മുഹമ്മദ് ബഷീര്‍, അസി. പ്രൊഫ. ഡോ. അബ്ദുള്‍ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version