വിതുരയിൽ, വീട്ടിനുള്ളിൽ നിന്ന് ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചു, നാട്ടുകാർ പിടികൂടി

തിരുവനന്തപുരം: വിതുരയിൽ ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ വീട്ടിനുള്ളിൽ കയറി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്രാ പ്രദേശ് സ്വദേശിയെയും സുഹൃത്തിനെയും നാട്ടുകാർ ചേർന്ന് പിടികൂടി. വിതുര തോട്ടുമുക്കിൽ ഇന്ന് രാവിലെ 8.45നായിരുന്നു സംഭവം.തോട്ടുമുക്ക് സ്വദേശി ഷാനിന്റെ കുഞ്ഞിനെയാണ് ആന്ധ്രാക്കാരനായ ഈശ്വരപ്പ തട്ടിയെടുക്കാൻ ശ്രമിച്ചത്.

സംഭവസമയത്ത് ഷാനും ഭാര്യയും രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. മൂത്ത കുട്ടിയ്‌ക്ക് ഷാനിന്റെ ഭാര്യ ആഹാരം കൊടുക്കുകയായിരുന്നു. അന്നേരം ഇളയ കുട്ടി സിറ്റൗട്ടിന് സമീപമുള്ള ഹാളിൽ കിടക്കുകയായിരുന്നു, ഈ സമയം സിറ്റൗട്ടിൽ എത്തിയ ഈശ്വരപ്പ മുട്ടിലിഴഞ്ഞ് കുഞ്ഞിനടുത്തെത്തി കുട്ടിയുടെ കാലിൽ പിടിച്ച് വലിച്ചു. ഇതിനിടയ്‌ക്ക് ഉള്ളിൽ നിന്നും ഷാൻ ഇവിടെത്തി. തുടർന്ന് ഇയാൾ ഷാനോട് ഭിക്ഷ ചോദിച്ചു പിന്നാലെ ഓടിരക്ഷപ്പെട്ടു.ഇതോടെ ഷാൻ നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടി വിതുര പൊലീസിൽ ഏൽപ്പിച്ചു. സമീപത്തുള്ള ആനപ്പെട്ടിയിൽ നിന്നാണ് ഈശ്വരപ്പയുടെ സുഹൃത്ത് രേവണ്ണയെ പിടികൂടിയത്. നാട്ടുകാരാണ് ഇയാളെയും പിടികൂടിയത്. ഇവർ രണ്ടും ചേർന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്ന് ഷാനും ഭാര്യയും പരാതി അറിയിച്ചു. ഈശ്വരപ്പയെയും രേവണ്ണയെയും പൊലീസ് ചോദ്യംചെയ്‌ത് വരികയാണ്

error: Content is protected !!