
newsdesk
കോഴിക്കോട്: ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15565 രൂപയുമായി. ഇനിയും വില കൂടുമെന്ന് പ്രതീക്ഷിച്ചു നില്‍ക്കവെയാണ് ഇടിവ്. എന്നാല്‍ വരും ദിവസങ്ങളില്‍ വില കൂടിയേക്കും.
സാധാരണ യുദ്ധസാഹചര്യങ്ങളിൽ സ്വർണവില കുതിച്ചുയരാറാണ് പതിവ്. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പും ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളും വില താഴാൻ കാരണമായതായാണ് വിലയിരുത്തൽ.
ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 400 രൂപ കൂടി ഒരു പവൻ സ്വർണത്തിന്റെ വില 1, 26, 920 ആവുകയും ചെയ്തു. 24 മണിക്കൂറിനിടെ ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 1015 രൂപയായിരുന്നു. കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12785 രൂപയും പവന് 102280 രൂപയും നല്‍കണം. ആഗോള വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 5363 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
