Site icon CTV Online

ട്രംപുമായുള്ള അഭിമുഖവും വെട്ടി; ഫേസ്ബുക്ക്

Web Desk

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിമുഖ വിഡിയോ നീക്കി ഫേസ്ബുക്ക്. ട്രംപിന്റെ മരുമകള്‍ ലാറ ട്രംപ് ‘ദ റൈറ്റ് വ്യൂ’, എന്ന അവരുടെ പരിപാടിക്കായി ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോയാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. ക്യാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ട്രംപിന് ഫേസ്ബുക്ക് അനിശ്ചിതകാലമായി വിലക്ക് ഏര്‍പ്പെടുത്തിയതിനാലാണ് ഇന്റര്‍വ്യൂ ഫേസ്ബുക്കില്‍ അനുവദിക്കാത്തത്.

ചൊവ്വാഴ്ച ട്രംപ് തന്റെ പരിപാടിയില്‍ അതിഥിയായി എത്തുമെന്ന് ലാറ ട്രംപ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപിന് നിലവില്‍ ഫേസ്ബുക്കില്‍ വിലക്കുള്ളതിനാല്‍ പരിപാടി സംപ്രേഷണം ചെയ്യാന്‍ സാധിക്കില്ല എന്നാണ് ഫേസ്ബുക്ക് ലാറയ്ക്ക് മെയില്‍ അയച്ചത്.വീഡിയോ ലാറ പോസ്റ്റ് ചെയ്‌തെങ്കിലും ഫേസ്ബുക്ക് നീക്കം ചെയ്യുകയായിരുന്നു.ട്രംപിന്റെ മകന്‍ എറിക് ട്രംപിനെയാണ് ലാറ വിവാഹം ചെയ്തത്. ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമും ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം ട്രംപ് സമൂഹ മാധ്യമങ്ങളില്‍ ഉടന്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ ട്രംപ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുമെന്നാണ് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ജെയ്സണ്‍ മില്ലര്‍ പറഞ്ഞത്.തന്റെ സ്വന്തം പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുക എന്നും ജെയ്സണ്‍ മില്ലര്‍ പറഞ്ഞിരുന്നു.ക്യാപിറ്റോള്‍ കലാപത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ട്വിറ്ററും ഫേസ്ബുക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് സ്വന്തമായ ഒരു പ്ലാറ്റ്ഫോമിലൂടെ വീണ്ടും സജീവമാകുമെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് തന്നെ വ്യക്തമാക്കിയത്.

Exit mobile version