
Web Desk
നഗരമധ്യത്തിൽ അലങ്കാരച്ചെടി വിൽപന ശാലയിലെ ജീവനക്കാരി പട്ടാപ്പകൽ കുത്തേറ്റു മരിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തമിഴ്നാട് സ്വദേശി രാജേഷാണ് പിടിയിലായത്. പൊലീസ് സംഘം തമിഴ്നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പേരൂർക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ ഇയാൾക്ക് കൊലപാതകത്തിനിടെ പരുക്കേറ്റിരുന്നു. പേരൂർക്കട ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതെന്നാണ് വിവരം. മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകം എന്ന് പ്രതി സമ്മതിച്ചു. മോഷ്ടിച്ച മാല കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ, കൊലയാളിയുടേതെന്നു കരുതുന്ന ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിൽ നിന്ന് ആളെ തിരിച്ചറിഞ്ഞ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ നിർണായക വിവരങ്ങൾ പൊലീസിനു കൈമാറി. പ്രതി മലയാളിയല്ലെന്ന് സൂചന ലഭിച്ചിരുന്നു. സംഭവം നടന്ന ചെടി വിൽപനശാലയ്ക്കു സമീപത്തു നിന്നു തന്റെ ഓട്ടോയിൽ കയറിയ ആൾ മെഡിക്കൽ കോളജിനടുത്തേക്കു പോകണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ തൊട്ടടുത്ത മുട്ടട ജംക്‌ഷനു സമീപം റോഡരികിലെ ആലപ്പുറം കുളത്തിനടുത്ത് ഇറങ്ങിയെന്നും ഡ്രൈവർ അറിയിച്ചു. ഈ റോഡിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. അമ്പലംമുക്ക് – കുറവൻകോണം റോഡിലെ ടാബ്‌സ് ഗ്രീൻടെക് എന്ന കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര് വാണ്ട പറമ്പള്ളിക്കോണം കുന്നുംപുറത്തു വീട്ടിൽ വിനീത വിജയനെ (38) ഞായറാഴ്ച ഉച്ചയ്ക്കാണ് കടയ്ക്കുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടത്.
