
newsdesk
ന്യൂഡൽഹി; ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കി. പരാതി അന്വേഷിച്ച പാർലമെന്റ് എത്തിക്സ് കമ്മിറ്റി മഹുവയെ പുറത്താക്കാൻ ശുപാർശ ചെയ്ത റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ച് പ്രമേയം അവതരിപ്പിച്ചാണ് ലോക്‌സഭയിൽ നിന്ന് മഹുവയെ പുറത്താക്കിയത്.
എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള അനുവദിച്ചില്ല. മഹുവയ്ക്ക് പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഇതോടെ വോട്ടെടുപ്പ് ബഹിഷ്കരിച്ച പ്രതിപക്ഷം സഭ വിട്ടതോടെ ലോക്‌സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. എല്ലാ നിയമങ്ങളും എത്തിക്സ് കമ്മിറ്റി ലംഘിച്ചു എന്നാണ് പുറത്താക്കിയതിന് പിന്നാലെ മഹുവ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.അതേസമയം, അദാനിക്കെതിരായ പോരാട്ടം തുടരുമെന്നാണ് മഹുവ മൊയ്‌ത്ര പ്രതികരിച്ചത്. തെളിവെടുപ്പില്ലാതെയാണ് തനിക്കെതിരായ നടപടിയെന്നും മഹുവ പറഞ്ഞു. അദാനിക്കെതിരെ സംസാരിച്ചതിനാണ് തന്നെ പുറത്താക്കിയത്. അടുത്ത 30 വർഷം പാർലമെന്റിനകത്തും പുറത്തും പോരാട്ടം തുടരുമെന്നും മഹുവ മൊയ്‌ത്ര പ്രതികരിച്ചു.അദാനി ഗ്രൂപ്പിനെതിരെ ചോദ്യമുന്നയിക്കാൻ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനിയിൽ നിന്ന് രണ്ടു കോടി രൂപയും മറ്റ് ആഡംബര സമ്മാനങ്ങളും കോഴയായി സ്വീകരിച്ചെന്നും , പാർലമെന്റ് അംഗങ്ങൾക്ക് ചോദ്യങ്ങൾ നൽകാനുള്ള പോർട്ടലിന്റെ ലോഗിൻ ഐഡിയും പാസ്‌വേഡും ഹിരാനന്ദാനിക്ക് കൈമാറിയെന്നുമാണ് മഹുവയ്‌ക്കെതിരായ വിവാദം.