ദളിത് യുവാവിന്റെ ദുരൂഹ മരണം: കുടുംബത്തിന്റെ പരാതി സ്വീകരിച്ചില്ലെന്ന് ആക്ഷേപം: കുടുംബം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി

കുരുവട്ടൂർ : ദളിത് വിഭാഗത്തിൽപ്പെട്ട ഏഴാം വാർഡ് പുറ്റമണ്ണ് താഴം പണ്ടാര പറമ്പ് കോളനിയിൽ പരേതനായ തെയ്യതിരയുടെ മകൻ മണി (49) യുടെ മരണത്തിനു പിന്നിലെ ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി.

ഡിസംബർ 10 ന് പുഴയിൽ മരണപ്പെട്ട നിലയിലാണ് കുടുംബം മണിയെ കണ്ടെത്തിയത്. നന്നായി നീന്തൽ അറിയാവുന്നതും മണൽ വാരൽ ജോലി ചെയ്ത അസുഖങ്ങളൊന്നുമില്ലാത്ത മണിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിലെ ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ മുഖേന സിറ്റി പോലീസ് കമ്മീഷണർ അധ്യക്ഷനായിട്ടുള്ള ജില്ലാ എസ് എസി / എസ് ടി വിജിലൻസ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയിൽ നൽകി.

മരണ ദിവസം മണിയെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ട പോയ ആളും മരണ സമയത്ത് കൂടെയുണ്ടായിരുന്ന നാല് പേരെയാണ് കുടുംബത്തിന് സംശയമെന്നും ഇതിലൊരാൾ മദ്യപിച്ചാൽ മണിയുമായി സ്ഥിരമായി വഴക്കിടുന്നത് പതിവാണെന്നും കുടുംബം വെളിപ്പെടുത്തി. കഴിഞ്ഞ 14 ന് പരാതിയുമായി കുടുബാംഗങ്ങൾ ചേവായൂർ പോലീസ് സ്റ്റേഷനിൽ ചെന്നുവെങ്കിലും പരാതി സ്വീകരിച്ചില്ലെന്ന് കുടുംബം വ്യക്തമാക്കി. തുടർന്നാണ് സതീഷ് പാറന്നൂരിന്റെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണർ അധ്യക്ഷനായിട്ടുള്ള കമ്മിറ്റിക്ക് പരാതി നൽകിയത്.

മണിയുടെ മരണത്തിന്റെ ദുരൂഹതകൾ നീക്കി കുടുംബത്തിന് ആശ്വാസം നൽകുവാൻ പോലീസും നീതിന്യായ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്ന് പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു. മണിയുടെ വീടും മരണപ്പെട്ട സ്ഥലത്തും സതീഷ് പാറന്നൂർ സന്ദർശനം നടത്തി. പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി എലത്തൂർ മേഖലാ കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത് കുരുവട്ടൂർ സന്ദർശന പരിപാടിക്ക് നേതൃത്വം നൽകി

error: Content is protected !!