Site icon CTV Online

കോഴിക്കോട് എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ സംഭവം; ആസൂത്രിതമെന്ന നിഗമനം

WebDesk

കോഴിക്കോട് എലത്തൂരിൽ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ നടന്ന അക്രമം ആസൂത്രിതമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം . തീവണ്ടിയിൽ ഏതെങ്കിലും തരത്തിൽ വാക്ക് തർക്കമോ മറ്റോ ഉണ്ടായിട്ടില്ല. അക്രമിയെ യാത്രക്കിടെ മുൻപ് ആരും കണ്ടിട്ടുമില്ല. കൂറെ പേരെ ലക്ഷ്യം വെച്ച് നടത്തിയ അക്രമത്തിൽ വലിയ ഗൂഢാലോചന നടന്നതായാണ് സംശയം. ഇതിനിടെ അക്രമിയുടേതെന്ന് കരുതുന്ന ബാഗ് പോലീസ് കണ്ടെടുത്തു. നേരത്തെ മുന്ന് മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്താണ് ബാഗ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുപ്പി പെട്രോള്‍ ഉണ്ടായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ പുസ്തകം, ലഘുഭക്ഷണം, വസ്ത്രം, കണ്ണട, ഒരു പേഴ്‌സ്, മറ്റുചില വസ്തുക്കള്‍ എന്നിവ ഭാഗില്‍ നിന്ന് കണ്ടെത്തി. ബാഗില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും പേഴ്‌സില്‍ നിന്ന് കഷ്ണം കടലാസും ഫോറന്‍സിക് സംഘം കണ്ടെത്തി.ബാഗിന് സമീപത്ത് നിന്നും കണ്ടെത്തിയ നോട്ട് പാഡില്‍ ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലും പലകാര്യങ്ങളും എഴുതിയ നോട്ട് ബുക്ക് നനഞ്ഞതിനാല്‍ എഴുതിയത് പലതും അവ്യക്തമാണ്. റെയില്‍വേ ട്രാക്കില്‍ നിന്ന് ലഭിച്ച ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഫോണില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവ തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അക്രമിക്ക് കാലിന് പൊള്ളലേറ്റതായുള്ള ദൃക്‌സാക്ഷി മൊഴിയെത്തുടര്‍ന്ന് സമീപത്തെ ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന നടത്തിയെങ്കിലും ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭീകരവാദ- മാവോയിസ്റ്റ് ആക്രമ സാധ്യത കണക്കിലെടുത്തു കൊണ്ട് തന്നെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങി.

Exit mobile version