
Web Desk
പുകയില ഉൾപ്പടെയുള്ള ലഹരി വസ്തുക്കളിൽ നിന്ന് മോചനം തേടുന്നവർക്കായി കോഴിക്കോട് സർക്കാർ ജനറൽ ആശുപത്രി ( ബീച്ച് ആശുപത്രി) യിൽ പ്രത്യേക പുകയില നിയന്ത്രണ ക്ലിനിക് പ്രവർത്തിക്കുന്നതായി ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ നോഡൽ ഓഫീസർ ഡോ. വിപിൻ വർക്കി അറിയിച്ചു. ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരംഭിച്ച ക്ലിനിക്കിൽ പുകവലി, ഗുഡ്ക ഉപയോഗം,മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയവ പൂർണ്ണമായി ഉപേക്ഷിക്കാനും ആരോഗ്യകരമായ ജീവിതത്തിലേക്ക് മടങ്ങിവരാനും സഹായകമാകുന്ന രീതിയിൽ ബഹുമുഖ രീതിയിലുള്ള ചികിത്സയാണ് സജ്ജീകരിച്ചിട്ടുള്ളത്.
വ്യക്തിഗത കൗൺസലിങ്, കുടുംബാംഗങ്ങൾക്കുള്ള കൗൺസലിംഗ്, സാമൂഹ്യ മന:ശാസ്ത്ര പിന്തുണ, സാമൂഹ്യശീല മാറ്റങ്ങൾക്കുവേണ്ടിയുള്ള ബോധവൽക്കരണങ്ങൾ , കൗമാരക്കാർക്കും രക്ഷിതാക്കൾക്കുമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ തുടങ്ങിയവയാണ് ക്ലിനിക്കിന്റെ പ്രധാന പ്രവർത്തനങ്ങൾ . ഇതിനായി വിദഗ്ധരായ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രിയിലെ റൂം നമ്പർ 62 ലാണ് ക്ലിനിക് പ്രവർത്തിക്കുന്നത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം നാല് മണി വരെ ക്ലിനിക് പ്രവർത്തിക്കും. മുൻകൂട്ടി ബുക് ചെയ്യുകയോ ഒപി ടിക്കറ്റെടുക്കുകയോ ചെയ്യാതെ നേരിട്ട് ക്ലിനികിൽ വരാവുന്നതാണ്. ക്ലിനികിലെ ചികിത്സയും മറ്റു സേവനങ്ങളും പൂർണ്ണമായും സൗജന്യമാണ്.
