Site icon CTV Online

അതിഖ് അഹമ്മദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; തുളച്ചു കയറിയത് ഒന്‍പത് വെടിയുണ്ടകള്‍

WebDesk

സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അതിഖിന്റെ ശരീരത്തില്‍ ഒന്‍പത് വെടിയുണ്ടകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയിലും നെഞ്ചിലും ശരീരത്തിന്റെ പുറകിലുമായാണ് ഒന്‍പത് വെടിയുണ്ടകള്‍ തറച്ചു കയറിയത്. തലയിലേറ്റ വെടിയാണ് മരണത്തിന് കാരണമായതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിഖിന്റെ സഹോദരന്‍ അഷ്‌റഫിന്റെ ശരീരത്തില്‍ അഞ്ച് വെടിയുണ്ടകളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
അതിഖിന്റേയും സഹോദരന്റേയും കൊലപാതകത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. സംഭവം റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അന്വേഷിക്കും. അലഹബാദ് ഹൈക്കോടതി റിട്ട ജഡ്ജി അരവിന്ദ് കുമാര്‍ ത്രിപാഠിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ റിട്ട. ഐപിഎസ് ഓഫിസര്‍ സുബീഷ് കുമാര്‍ സിംഗ്, റിട്ട ജില്ലാ ജഡ്ജി ബ്രിജേഷ് കുമാര്‍ സോണി എന്നിവരാണുള്ളത്. കേസില്‍ രണ്ട് മാസത്തിനകം സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പൊലീസിന്റെ സുരക്ഷാ വീഴ്ച അടക്കമുള്ള വിഷയങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും.
അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ കനത്ത ജാഗ്രത തുടരുകയാണ്. കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കാനാണ് സാധ്യത. പ്രയാഗ്‌രാജില്‍ ചിലയിടങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമായി തുടങ്ങി. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കുമായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. കൊലയാളി സംഘത്തിലെ മൂന്നുപേരില്‍ രണ്ടുപേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ ഒരുമിച്ച് ഇതിന് മുന്‍പ് മറ്റ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടില്ല. ഇന്നലെ രാത്രി കനത്ത പൊലീസ് സുരക്ഷയില്‍ അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്റഫിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ജയിലില്‍ കഴിയുന്ന അതിഖിന്റെ രണ്ടു മക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് അതിഖ് അഹമ്മദിനെയും സഹോദരനെയും മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ലവ്‌ലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നിവരാണ് പ്രതികള്‍. മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേനെ അതിഖിനും സഹോദരനുമരികില്‍ എത്തിയ പ്രതികള്‍ നിറയൊഴിക്കുകയായിരുന്നു. സുരക്ഷ വീഴ്ചയെ തുടര്‍ന്ന് അതിഖിന്റെ സുരക്ഷക്കുണ്ടായിരുന്ന 17 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Exit mobile version