Site icon CTV Online

എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ സമയം നീട്ടി; അവസരം ഒക്ടോബർ 31 വരെ

തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ യഥാസമയം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്ട്രേഷൻ പുതുക്കാൻ സർക്കാർ സമയം നീട്ടി. 2026 ഒക്ടോബർ 31 വരെയാണ് പുതുക്കുന്നതിനുള്ള പുതിയ സമയപരിധി.

2020 ജൂൺ 11 മുതൽ 2025 ജനുവരി 1 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ റദ്ദായ രജിസ്ട്രേഷനുകൾക്കും ഈ ആനുകൂല്യം ലഭിക്കും. നിരവധി അപേക്ഷകൾ സർക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതുക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടിയത്.

അതേസമയം, 2025 ജനുവരി 1 മുതൽ 2026 ഓഗസ്റ്റ് 31 വരെ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നവർക്കും സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കാൻ അവസരമുണ്ട്. ഇതിനായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള ‘Special Renewal’ ഓപ്ഷൻ ഉപയോഗിക്കാം.

എങ്ങനെ പുതുക്കാം?

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റിൽ പ്രവേശിച്ച് ‘പുതുക്കൽ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. തുടർന്ന് ജില്ല, എക്സ്ചേഞ്ച്, രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകി കാപ്ച പൂരിപ്പിച്ച് ‘ഗെറ്റ് ഡീറ്റെയിൽസ്, ക്ലിക്ക് ചെയ്യണം. രജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിച്ച ശേഷം ‘സ്പെഷ്യൽ റെനീവൽ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ നടപടികൾ പൂർത്തിയാക്കാം.

അർഹരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 31നകം അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.

Exit mobile version