Site icon CTV Online

ചക്കിട്ടപാറ ,പൂഴിത്തോട് മാവട്ടം മേഖലയിൽ ഭീതി ;2 വളർത്തുനായ്ക്കളെ പുലി പിടികൂടി

ചക്കിട്ടപാറ ∙പഞ്ചായത്ത് 4ാം വാർഡിലെ പൂഴിത്തോട് മാവട്ടം മേഖലയിൽ കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ പുലി 2 വളർത്തു നായ്ക്കളെ കൊന്നു. മാവട്ടം വാട്ടർ ടാങ്ക് പ്രദേശത്തെ കുന്നത്ത് സന്തോഷിന്റെ കൂട്ടിൽ ഉണ്ടായിരുന്ന നായയെ ആണു ചൊവ്വാഴ്ച രാത്രി പുലി പിടിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റ് ഇട്ടതോടെ നായയെ ഉപേക്ഷിച്ചു പുലി ഓടിപ്പോയി.ഇതിനു ശേഷം മലമുകളിലെ സെന്റ് ജോസഫ് വിലാസം ജോസഫിന്റെ വളർത്തു നായയെയും പുലി പിടിച്ചു കൊണ്ടുപോയി. കൊത്തിയപാറ വനഭൂമിയിൽ നിന്നാണു വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത്. വനാതിർത്തിയിൽ സൗരവേലി ഇല്ലാത്തതാണു പ്രധാന പ്രശ്നം. മാവട്ടം മേഖലയിലെ 28 കുടുംബങ്ങൾ വന്യമൃഗ ഭീഷണിയിലാണ്.

കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പൂഴിത്തോട്, ചെമ്പനോട മേഖലകളിൽ പുലി ഇറങ്ങിയിരുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മുതുകാട് പ്രദേശത്തും പുലിയുണ്ടായിരുന്നു. പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇ.ബൈജുനാഥിന്റെ നേതൃത്വത്തിൽ വനംവകുപ്പ് സംഘം സ്ഥലം സന്ദർശിച്ചു പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. മാവട്ടം മേഖലയിൽ ക്യാമറ സ്ഥാപിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ രാത്രി പട്രോളിങ് ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതൽ വാച്ചർമാരെ വനം വകുപ്പ് നിയമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version