
WebDesk
ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നാട്ടുകാരെ വിറപ്പിച്ച ‘സീരിയല്‍ കില്ലര്‍’ക്കായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. ആറുസംഘങ്ങളായി തിരിഞ്ഞാണ് പോലീസ് സംഘം പരമ്പര കൊലയാളിയെ കണ്ടെത്താനായി തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ അന്വേഷണസംഘം പരിശോധന നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. അതിനിടെ, ഞായറാഴ്ച മുതല്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസംഘവും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ബാരാബങ്കിയില്‍ അടുത്തിടെ മൂന്ന് പ്രായമേറിയ സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. ഈ മൂന്നുപേരെയും കൊലപ്പെടുത്തിയത് ഒരാളാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സീരിയല്‍ കില്ലറായ ഇയാളുടെ ചിത്രവും പോലീസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രായമേറിയ സ്ത്രീകളാണ് ബാരാബങ്കിയിലെ സീരിയല്‍ കില്ലറുടെ ലക്ഷ്യം. ഡിസംബര്‍ ആറാം തീയതി ഖുഷേതി ഗ്രാമത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതാണ് ആദ്യത്തെ സംഭവം. ഡിസംബര്‍ 17-ാം തീയതി ബാരാബങ്കിയില്‍ രണ്ടാമത്തെ സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ഡിസംബര്‍ 29-നാണ് മൂന്നാമത്തെ സ്ത്രീ കൊല്ലപ്പെട്ടത്. വീട്ടില്‍നിന്ന് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനായി പുറത്തുപോയ സ്ത്രീയെയാണ് പിന്നീട് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വിവസ്ത്രയായനിലയിലായിരുന്നു മൃതദേഹം.
