
newsdesk
തോട്ടുമുക്കം: ജി.യു.പി. സ്കൂളിൽ എൽ.എസ്.എസ് ,യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിക്കുന്ന ‘പ്രതിഭാദരവ്’ സംഗമവും കായിക ക്ലാസുകളുടെ ഉദ്ഘാടനവും പ്രൗഢഗംഭീരമായ ചടങ്ങോടെ സംഘടിപ്പിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി.കെ. കാസിം പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
വിദ്യാഭ്യാസ രംഗത്തെ വികസനങ്ങൾ നമ്മുടെ കുട്ടികളുടെ മികച്ച ഭാവി ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരിക്കണം.എല്ലാ കുട്ടികൾക്കും അവരുടേതായ പ്രത്യേക കഴിവുകളും മികവുകളും ജനറ്റിക് ആയിത്തന്നെ ഉണ്ടാകും. അത് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ സാധിക്കണം.കാലഘട്ടത്തിനനുസരിച്ചുള്ള പുതിയ കോഴ്സുകൾ നമ്മുടെ കുട്ടികൾക്ക് ഒരു ഉപവിഷയമായെങ്കിലും പഠിക്കാനുള്ള അവസരങ്ങൾ നമ്മൾ ഒരുക്കിക്കൊടുക്കണം.
നിലവിലുള്ള പഠനസൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ, അവർക്ക് ഭാവിയിൽ കൂടുതൽ തൊഴിൽ സാധ്യതകളും അതുപോലെ സ്വയം സംരംഭകരാകാനുള്ള അവസരങ്ങളും ലഭ്യമാക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യണം.
തിരുവമ്പാടി മണ്ഡലത്തിന്റെ സവിശേഷതകൾ കണക്കിലെടുത്ത് വിനോദസഞ്ചാരം വിദ്യാഭ്യാസം ,കാർഷിക മേഖല ,എന്നിവയെ പരസ്പരം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സമഗ്ര പദ്ധതിയാണ് ലക്ഷ്യമിടുന്നത് എന്നും എം എൽ എ പറഞ്ഞു .
സ്കൂളിൽ രണ്ട് വർഷത്തെ മികച്ച സേവനത്തിന് ശേഷം മറ്റൊരു സ്കൂളിലേക്ക് സ്ഥലം മാറിപ്പോകുന്ന മുൻ പ്രധാനാധ്യാപിക ഷെറീന ടീച്ചർക്കുള്ള സ്നേഹനിർഭരമായ യാത്രയയപ്പും ചടങ്ങിൽ വെച്ച് നടന്നു. കൂടാതെ, സ്കൂളിലെ പി.ടി.എ ,എസ്.എം.സി കമ്മിറ്റികളിൽ ദീർഘകാലം സജീവമായി പ്രവർത്തിക്കുകയും ഈ വർഷം പടിയിറങ്ങുകയും ചെയ്യുന്ന സോജൻ മാത്യുവിനുള്ള ഉപഹാരവും എം.എൽ.എ ചടങ്ങിൽ വെച്ച് കൈമാറി.
വർഷങ്ങളായി സ്കൂളിൽ വിജയകരമായി തുടർന്നുപോരുന്ന കരാട്ടെ പരിശീലനത്തിന്റെ പുതിയ ബാച്ചിന്റെ ഉദ്ഘാടനവും, സ്കൂളിലെ ഫുട്ബോൾ കോച്ചിംഗ് ക്ലാസിന്റെ ഉദ്ഘാടനവും എം.എൽ.എ നിർവ്വഹിച്ചു.വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് കായികരംഗം ഏറെ അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ധന്യ ബാബുരാജ് മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ ടോം, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം അഹമ്മദ് കുട്ടി, വാർഡ് മെമ്പർമാരായ സുഹാസ് ,സന്തോഷ് സെബാസ്റ്റ്യൻ എന്നിവരും സ്കൂൾ അധികൃതരും, പി.ടി.എ ഭാരവാഹികളും, രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
