Site icon CTV Online

നാടിൻ്റെ ഒത്തൊരുമക്ക് കരുത്ത് പകരാൻ നേതാക്കളെത്തി ; ജനാവലി തക്ബീർ മുഴക്കി സ്വപ്ന സാക്ഷാത്കാരത്തിൻ്റെ സന്തോഷം പങ്കിട്ടു; തോട്ടുമുക്കം ജുമാമസ്ജിദ് ഉദ്ഘാടനം സാദിഖലി ശിഹാബ് തങ്ങളും കാന്തപുരവും ചേർന്ന് നിർവഹിച്ചു

മുക്കം : ജാതി മത കക്ഷി രാഷ്ട്രിയ വിഭാഗീയതകളെല്ലാം മറന്ന് കാലഘട്ടത്തിൻ്റെ അനിവാര്യതയെന്നോണം ഐക്യ സന്ദേശത്തിൻ്റെ ഉദാത്ത മാതൃക ഉയർത്തിക്കാട്ടി തോട്ടുമുക്കം നിവാസികൾ. അമൂല്യമായ സന്ദേശം പകർന്ന സാധാരണക്കാരായ സുമനസ്സുകളെ ചേർത്തു പിടിക്കാനെത്തിയത് സാമുദായിക രാഷ്ട്രീയ കേരളത്തിൻ്റെ സമുന്നത നേതാക്കൾ.
കോഴിക്കോടു ജില്ലയിൽ കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്ത് ഇന്നലെ നടന്ന മസ്ജിദ് ഉദ്ഘാടനം വേറിട്ട കാഴ്ചയും പകർത്തേണ്ട മാതൃകയുമായി.പുതുക്കിപ്പണിത തോട്ടുമുക്കം ജുമാ മസ്ജിദിൻ്റെ ഉദ്ഘാടനം നിർവഹിച്ചത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കാന്തപുരം എ പി അബൂബക്കമുസ്‌ലിയാരും ചേർന്നായിരുന്നു.
അൽപം നേരത്തേ എത്തിയ തങ്ങൾ, കാന്തപുരത്തെ കാത്തിരുന്നു. പിന്നീട് ഇരുവരും ചേർന്ന് പള്ളി തുറന്നു കൊടുത്തു. ജനാവലി തക്ബീർ മുഴക്കി സ്വപ്ന സാക്ഷാത്കാരത്തിൻ്റെ സന്തോഷം പങ്കിട്ടു.

തുടർന്നു നടന്ന അസർ നമസ്കാരത്തിന് തങ്ങളുടെ നിർദ്ദേശപ്രകാരം കാന്തപുരവും നമസ്കാരാനന്തരം പ്രാർഥനക്ക് കാന്തപുരത്തിൻ്റെ അഭ്യർഥന മാനിച്ച് തങ്ങളും നേതൃത്വം നൽകി.
യു.കെ.അലിയുടെ കുടുംബം നാടിനു സമർപ്പിക്കുന്ന ആംബുലൻസിൻ്റെ കൈമാറ്റവും നല് പതിറ്റാണ്ടു പിന്നിട്ട മഹല്ല് ഖാസി അബ്ദുല്ലത്തീഫ് ബാഖവിയെ ആദരിക്കലും ഇരുവരും ചേർന്ന് നിർവഹിച്ചു.
പരിപാടിയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷകനായി.
സ്വാഗതസംഘം ചെയർമാൻ ഇസ്‌മായിൽ സഖാഫി അധ്യക്ഷത വഹിച്ചു.വൈ.പി അശ്റഫ്, കരീം കാരിശ്ശേരി, ഏറിയാട്ട് മമ്മുണ്ണി ഹാജി, അബ്ദുൽ ലത്തീഫ് ബാഖവി കാവന്നൂർ,വടശ്ശേരി ഹസ്സൻ മുസ്ലിയാർ, അഹ്മദ് മുനീർ അൽ ഹസനി,യൂസുഫ് ഫാളിലി കൊടിഞ്ഞി,അബ്ദുള്ളാഹി ബാഖവി മഞ്ഞപ്പറ്റ,മുജീബ് കരിമ്പന,യു.കെ അമീർ, എ.എം റഹ്മാൻ എന്നിവർ സംസാരിച്ചു.

Exit mobile version