Site icon CTV Online

ഇ എസ് എ യിൽ ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കുക -സിപിഐഎം

തിരുവമ്പാടി : പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ഏഴാം കരട് വിജ്ഞാപനത്തിൽ കേരളം നൽകിയ അന്തിമ നിർദേശപ്രകാരമുള്ള മേഖലകൾ മാത്രം ഉൾപ്പെടുത്തി ഉചിതമായ മാറ്റങ്ങൾ വരുത്തണമെന്ന് സിപിഐഎം തിരുവമ്പാടി ഏരിയ കമ്മിറ്റി അവശ്യപ്പെട്ടു.

പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ഏഴാം കരട് വിജ്ഞാപനത്തിൽ കേരളത്തിന്റെ ഔദ്യോഗിക നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടും, അത് അവഗണിച്ച് പഴയ വിസ്തൃതി തന്നെ ഉൾപ്പെടുത്തി പുതിയ കരട് വിജ്ഞാപനം ഇറക്കിയ കേന്ദ്ര നിലപാട് തികച്ചും പ്രതിഷേധാർഹമാണ്.

കെഡസ്ട്രൽ മാപ്പിംഗ്, ജി.ഐ.എസ്/കെ.എം.എൽ വിശകലനം, ഉപഗ്രഹ ചിത്രങ്ങൾ, ഫീൽഡ് പരിശോധന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും വനം വകുപ്പുമായും നടത്തിയ കൂടിയാലോചനകൾ എന്നിവയ്ക്ക് ശേഷമാണ് 2024 നവംബർ 2-ന് കേരള സർക്കാർ അന്തിമ ശുപാർശ കേന്ദ്രത്തിന് സമർപ്പിച്ചത്. തുടർന്ന്, 2026 ഫെബ്രുവരി 1-ന് കേന്ദ്രം ആവശ്യപ്പെട്ട അധിക വിവരങ്ങളും സംസ്ഥാനം നൽകിയിരുന്നു. 98 വില്ലേജുകളിൽ ഉൾപ്പെടുന്ന 8,590.69 ചതുരശ്ര കിലോമീറ്ററാക്കി ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കി കേരളത്തിലെ പരിസ്ഥിതി ലോല മേഖലയുടെ വിസ്തൃതി പരിമിതപ്പെടുത്തുന്നതായിരുന്നു സംസ്ഥാനത്തിന്റെ അന്തിമ ശുപാർശ. എന്നാൽ ഇത് അവഗണിച്ച്, മുൻപുണ്ടായിരുന്ന 9,993.7 ചതുരശ്ര കിലോമീറ്റർ തന്നെ നിലനിർത്തിയാണ് പുതിയ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ആവാസവ്യവസ്ഥയുടെ സംരക്ഷണം മാത്രമല്ല, മലയോര ജനതയുടെ അവകാശങ്ങൾ, ആവശ്യങ്ങൾ, വികസന അഭിലാഷങ്ങൾ എന്നിവ കണക്കിലെടുത്ത്, കേരളം ഉൾപ്പെടെയുള്ള ആറ് പശ്ചിമഘട്ട സംസ്ഥാനങ്ങളുടെ ആശങ്കകളും നിർദേശങ്ങളും പരിശോധിച്ചു വരികയാണെന്ന് 2026 ജൂലൈ 23-ന് പാർലമെന്റിൽ മറുപടി പറഞ്ഞ മന്ത്രാലയം,വെറും നാല് ദിവസത്തിന് ശേഷം ജൂലൈ 27ന് പഴയ കണക്കായ 9,993.7 ചതുരശ്ര കിലോമീറ്റർ നിലനിർത്തി പുതിയ കരട് വിജ്ഞാപനം ഇറക്കുകയാണുണ്ടായത്.

Exit mobile version