newsdesk
തിരുവമ്പാടി∙ കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടർന്ന് കാർഷിക വിഭവങ്ങൾ സംരക്ഷിക്കാൻ നായാട്ടു സംഘം കൂട്ടത്തോടെ ഇറങ്ങി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിഫ കർഷക സംഘടനയുടെ സഹകരണത്തോടെ വഴിക്കടവ് പ്രദേശത്താണ് നായാട്ടു നടത്തിയത്. 2 വേട്ടനായ്ക്കളും നായാട്ടു സംഘത്തിന് ഒപ്പം ഉണ്ടായിരുന്നു.
പ്രദേശം ഒന്നാകെ ഇളക്കി നടത്തിയ നായാട്ടിൽ 6 കാട്ടുപന്നികളെ വെടിവച്ചുകൊന്നു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസന്റെയും വാർഡ് അംഗം ഷൈനി ബെന്നിയുടെയും സാന്നിധ്യത്തിലാണ് നായാട്ടു നടത്തിയത്. വെടിവച്ച കാട്ടുപന്നികളെ നിയമപ്രകാരം സംസ്കരിച്ചു. തുടർദിവസങ്ങളിലും നായാട്ടു സംഘത്തിന്റെ സേവനം കർഷകർക്ക് ലഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.