Site icon CTV Online

ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങളിൽ രാഷ്ട്രീയ വിശദീകരണ യോഗവുമായി സിപിഎം.

WebDesk

കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങളിൽ രാഷ്ട്രീയ വിശദീകരണ യോഗവുമായി സിപിഎം. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് പാർട്ടിക്ക് മേൽ ആക്ഷേപങ്ങളുയരുന്ന സാഹചര്യത്തിലാണ് വിശദീകരണ യോഗം.തിങ്കളാഴ്ച വൈകിട്ട് തില്ലങ്കേരിയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്.
ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതില്ല എന്ന നിലപാടാണ് പാർട്ടി നേരത്തേ സ്വീകരിച്ചിരുന്നതെങ്കിൽ ആരോപണങ്ങളിൽ വിശദീകരണം ആവശ്യമാണെന്ന തീരുമാനത്തിലാണ് പാർട്ടിയിപ്പോൾ. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം വളരെ ഗൗരവകരമായി തന്നെ ചർച്ച ചെയ്യുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ യാത്ര കണ്ണൂരിലെത്തുന്നതിന് മുമ്പ് തന്നെ വിഷയത്തിൽ പാർട്ടി അണികൾക്ക് കൃത്യമായ വിശദീകരണം നൽകാനാണ് സിപിഎമ്മിന്റെ നീക്കം.
പാർട്ടിയുടെ കൊടിയും ചിഹ്നവും ഉപയോഗിക്കാൻ ഉളുപ്പുണ്ടോ എന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങളിൽ നേരത്തേ എം.വി ജയരാജന്റെ പ്രതികരണം. ആകാശിനെയും ആരോപണങ്ങളെയും ഗൗരവത്തിലെടുക്കുന്നില്ല എന്ന നിലപാടാണ് എം.വി ജയരാജനും സിപിഎമ്മും അന്ന് സ്വീകരിച്ചതെങ്കിലും ആരോപണങ്ങളിൽ അണികൾക്ക് വിശദീകരണം നൽകാതെ വഴിയില്ല എന്ന നിലപാടാണ് പാർട്ടിയിപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

Exit mobile version