
newsdesk
കൊടുവള്ളി∙ വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്ത് വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ വീട്ടിൽ സൂക്ഷിച്ച 32 പവൻ സ്വർണാഭരണം കവർന്നു. കിഴക്കോത്ത് കച്ചേരി മുക്ക് താളിയിൽ മുസ്തഫയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്തെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ടും വീടിന്റെ പൂട്ടും തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ വിടിന്റ മുകൾ നിലയിലെ കിടപ്പ് മുറിയിലെ അലമാരയുടെ പൂട്ടും തകർത്ത് അതിൽ സൂക്ഷിച്ച 32 പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു.
മുസ്തഫയുടെ ഭാര്യ ശനിയാഴ്ച്ച രാവിലെയാണ് വീട് പൂട്ടി ബന്ധുവീട്ടിൽ പോയത്. ഞായറാഴ്ച രാവിലെ സമീപത്തെ ബന്ധുക്കളാണ് വീടിന്റെ വാതിലുകൾ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് വീട്ടുകാരെത്തി വീട് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പരാതിയെ തുടർന്ന്കൊടുവള്ളി പൊലീസ് കേസെടുക്കുകയും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു. വടകരയിൽ നിന്നും ഡോഗ് സ്ക്വാഡും, കോഴിക്കോട് നിന്നും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.