
Web Desk
മാതാപിതാക്കള്‍ തനിച്ചുതാമസിക്കുന്ന വീട്ടിലെ മോഷണശ്രമം സിസിടിവിയില്‍ കണ്ട മകള്‍ കള്ളനെ കുടുക്കി. കോട്ടയം കീഴൂരിലെ വീട്ടില്‍ നടന്ന മോഷണശ്രമമാണ് പാലായിലിരുന്ന മകള്‍ സോണിയ മാത്യു കണ്ടത്. വിവരം ഉടന്‍ തന്നെ കീഴൂരിലെ അയല്‍വാസിയുടെ സഹായത്തോടെ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കീഴൂര്‍ സ്വദേശിയും ഇപ്പോള്‍ ആലപ്പുഴയില്‍ താമസിക്കുന്ന ചിറ്റേത്ത് പുത്തന്‍പുരയില്‍ റോബിന്‍സനാണ് (32) പിടിയിലായത്.
വിമുക്തഭടനായ കീഴൂര്‍ മേച്ചേരില്‍ മാത്യുവും ഭാര്യയും താമസിക്കുന്ന വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം. ഓണ്‍ലൈനില്‍ ജോലിചെയ്യുന്ന മകള്‍ കിടക്കാന്‍ നേരം കീഴൂരിലെ വീട്ടിലെ സിസിടിവി മൊബൈല്‍ ഫോണിലൂടെ നോക്കിയപ്പോഴാണ് മോഷ്ടാവിനെ കാണുന്നത്. രണ്ട് ക്യാമറ തുണികൊണ്ട് മൂടിയശേഷം മൂന്നാമത്തെ ക്യാമറ മൂടാന്‍ ശ്രമിക്കുമ്പോഴാണ് സംഭവം യുവതി കാണുന്നത്.ഭയന്നു പോയ മകള്‍ സോണിയ കീഴൂരില്‍ അയല്‍വാസിയായ പ്രഭാത് കുമാറിനെ വിവരം അറിയിച്ചു. പ്രഭാത് കുമാര്‍ ഉടന്‍ തന്നെ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജയ്‌മോന് വിവരമറിയിക്കുകയായിരുന്നു.
