വടകരയ്ക്കും മാഹിക്കും ഇടയിൽ റെയിൽവേയുടെ സിഗ്നൽ കേബിൾ മുറിച്ചുമാറ്റി; രണ്ടുപേർ കസ്റ്റഡിയിൽ

വടകര: വടകരയ്ക്കും മാഹിയ്ക്കും ഇടയിൽ പൂവാടൻഗേറ്റിനു സമീപം റെയിൽവേയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റി. ഇതേ തുടര്‍ന്ന് ഈ ഭാഗത്തുള്ള സിഗ്നല്‍ സംവിധാനം തടസ്സപ്പെട്ടു. സിഗ്നൽ ലഭിക്കാതായതോടെ ഷൊർണ്ണൂർ ഭാഗത്തേക്കും മംഗലാപുരം ഭാഗത്തേക്കും പോകേണ്ട ട്രെയിനുകൾ അടക്കം ഏഴു ട്രെയിനുകള്‍ പല സ്റ്റേഷനുകളിലും നിർത്തിയിട്ടതിനാൽ ഇന്നലെ വൈകിയാണ് ഓടിയത്‌.

വെളളിയാഴ്ച ആറുമണിയോടെയാണ് വടകരയ്ക്കും മാഹിക്കും ഇടയില്‍ സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്ന വിവരം റെയില്‍വേക്ക് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കേബിള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന് റെയില്‍വേയുടെ സിഗ്നല്‍ വിഭാഗം സ്ഥലത്തെത്തി പത്തുമണിയോടെ കേബിള്‍ യോജിപ്പിച്ച് പ്രശ്‌നം പരിഹരിച്ചു.

മോഷ്ടാക്കളാണ് കേബിൾ മുറിച്ചുമാറ്റിയതെന്നാണ് റെയിൽവേ പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് അതിഥിത്തൊഴിലാളികളെ റെയിൽവെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്‌.

വടകര സ്റ്റേഷൻ മാസ്റ്ററിൽനിന്ന് ലോക്കോ പൈലറ്റുമാർക്ക് മെമ്മോ എത്തിച്ചാണ് യാത്ര തുടർന്നത്. ആർ.പി.എഫ്. കോഴിക്കോട് ഇൻസ്പെക്ടർ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ അടിപ്പാത നിര്‍മാണം നടക്കുന്നതിനാല്‍ കേബിള്‍ പുറത്താണുള്ളത്. മാത്രമല്ല ചെറിയൊരു ഭാഗത്ത് കേബിള്‍ സമീപത്തെ മരത്തിലും മറ്റുമായി കെട്ടിയിട്ടിരിക്കുകയാണ്‌.

error: Content is protected !!