
newsdesk
തിരുവനന്തപുരം: സംസ്ഥാനത്തെ നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (നവംബർ 3) മുതൽ ആരംഭിച്ചു. ഒക്ടോബർ മാസത്തെ റേഷൻ വിതരണം 31ന് അവസാനിച്ചിരുന്നു. നവംബർ ഒന്നിന് ഞായറാഴ്ചയും രണ്ടാം തീയതിയും പുതിയ സ്റ്റോക്ക് ക്രമീകരണത്തിനായും റേഷൻ കടകൾക്ക് അവധിയായിരുന്നു.
ഈ മാസം വെള്ളക്കാർഡ് ഉടമകൾക്ക് സാധാരണ വിഹിതമായി ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. കഴിഞ്ഞ മാസം നാല് കിലോ അരിയായിരുന്നു ലഭിച്ചിരുന്നത്. ബ്രൗൺ കാർഡ് ഉടമകൾക്കും ഇതേ നിരക്കിൽ രണ്ട് കിലോ അരി ലഭിക്കും.
അന്ത്യോദയ അന്നയോജന (എ.എ.വൈ) കാർഡ് ഉടമകൾക്ക് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ മൂന്ന് പായ്ക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും ലഭിക്കും. മുൻഗണനാ വിഭാഗമായ പി.എച്ച്.എച്ച് കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി വിതരണം ചെയ്യും. ഗോതമ്പിന് പകരം പരമാവധി നാല് പായ്ക്കറ്റ് ആട്ടയും ലഭിക്കും.
പൊതുവിഭാഗം സബ്സിഡി (എൻ.പി.എസ്) കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. ഇതിന് പുറമെ കാർഡിന് രണ്ട് കിലോ സ്പെഷ്യൽ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും മൂന്ന് കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിലും ലഭിക്കും.
പൊതുവിഭാഗം കാർഡിന് ആറ് കിലോ അരിയും പൊതുവിഭാഗം സ്ഥാപന കാർഡിന് രണ്ട് കിലോ അരിയും കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് ലഭിക്കുക. ഈ വിഭാഗങ്ങൾക്കും മൂന്ന് കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. എൻ.പി.എസ് , എൻ.പി.എൻ.എസ്, എൻ.പി ഐ കാർഡുകൾക്ക് സ്റ്റോക്കിനനുസരിച്ച് നാല് കിലോ വരെ ആട്ടയും അനുവദിച്ചിട്ടുണ്ട്.
നീല, വെള്ള, ബ്രൗൺ കാർഡ് ഉടമകൾക്ക് സ്പെഷ്യൽ വിഹിതമായി മൂന്ന് കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അതത് താലൂക്കുകളിലെ സ്റ്റോക്കിനനുസരിച്ചായിരിക്കും വിതരണം.
2026 ഒക്ടോബർ–നവംബർ–ഡിസംബർ പാദത്തിലെ മണ്ണെണ്ണ വിഹിതവും അനുവദിച്ചിട്ടുണ്ട്. വൈദ്യുതിയുള്ള വീടുകളിലെഎ.എ.വൈ കാർഡിന് ഒരു ലിറ്ററും PHH, NPS, NPNS കാർഡുകൾക്ക് അര ലിറ്ററും ലഭിക്കും. വൈദ്യുതിയില്ലാത്ത വീടുകളിലെ റേഷൻ കാർഡുകൾക്ക് ആറ് ലിറ്റർ മണ്ണെണ്ണയാണ് അനുവദിച്ചിട്ടുള്ളത്.

