
Local News
വർഷങ്ങളായി നവീകരണത്തിനായി പൊളിച്ചിട്ട കളൻതോട് – കൂളിമാട് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വേറിട്ട പ്രധിഷേധം സംഘടിപ്പിച്ചു. ചിറ്റാരിപ്പിലാക്കലിൽ നിന്നും കൂളിമാട് വരെ ഓഫ് റോഡ് യാത്ര നടത്തിയാണ് യൂത്ത് കോൺഗ്രസ്സ് വ്യത്യസ്ത പ്രതിഷേധം നടത്തിയത്. സമരത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രതീകാത്മക എം.എൽ. എയെ ഒരുക്കി സന്ദർശനം നടത്തിയും റോഡിലെ വെള്ളം നിറഞ്ഞ കുഴികളിൽ തോണിയിറക്കിയും പ്രതിഷേധിച്ചു.
2018 ജൂൺ 28നായിരുന്നു കളൻതോട് – കൂളിമാട് റോഡിന്റെ പ്രവൃത്തിയുടെ ഉദ്ഘാടനം അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി സുധാകരൻ നിർവഹിച്ചത്. 25 കോടി രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചിരുന്നു. കുറഞ്ഞദൂരംകൊണ്ട് എളുപ്പത്തിൽ കുളിമാട് പാലം വഴി മലപ്പുറം ജില്ലയിലേക്ക് എത്താനാവുന്ന റോഡായാണ് അന്ന് ഈ റോഡിനെ ഉയർത്തി കാണിച്ചിരുന്നത്.. കൂടാതെ മലപ്പുറം ജില്ലയിലുള്ളവർക്ക് കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന എൻഐടി, ഐഐഎം, എം. വി. ആർ കാൻസർ സെന്റർ എന്നിവിടങ്ങളിലേക്ക് എത്താൻ കുറഞ്ഞ ദൂരവുമാകുമെന്ന കാര്യവും ഉയർത്തി കാണിച്ചിരുന്നു.
നിലമ്പൂരിലെ ത്രിമതി കോൺട്രാക്ടിങ്ങ് കമ്പനി എന്ന സ്ഥാപനമാണ് പ്രവൃത്തി കരാർ ഏറ്റെടുത്തിരുന്നത്. എന്നാൽ പ്രവൃത്തി തുടങ്ങി പാതിവഴിയിൽ വെച്ച് അവർ കരാറിൽ നിന്നും ഒഴിയുകയായിരുന്നു.
അതോടെ റോഡിന്റെ പ്രവർത്തിയും മുടങ്ങി. പിന്നീട് റീടെണ്ടർ വിളിക്കുകയോ പ്രവൃത്തി തുടങ്ങാനുള്ള നടപടിയോ സ്വീകരിച്ചിട്ടില്ലെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ്സ് സമരത്തിനിറങ്ങിയത്. ചിറ്റാരിപ്പിലാക്കലിൽ നിന്നും തുറന്ന ജീപ്പിൽ എം.എൽ.എയുടെ പ്രതീകാത്മക ഓഫ് റോഡ് യാത്രയോടെയാണ് സമരം ആരംഭിച്ചത്. വെള്ളം നിറഞ്ഞ കുഴികളിൽ പ്രതീകാത്മക തോണിയിറക്കിയും മറ്റും നടത്തിയ ഓഫ് റോഡ് യാത്ര കൂളിമാട് സമാപിച്ചു.
തുടർന്ന് കൂളിമാട് അങ്ങാടിയിൽനടന്ന സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് സുജിത്ത് കാഞ്ഞോളി ഉൽഘാടനം ചെയ്തു. ഫഹദ് പാഴൂർ അധ്യക്ഷത വഹിച്ചു. ഷാഫി മാസ്റ്റർ,ഫൈജാസ് ഇ.പി, ജിയാദ് പി.എ, അനൂപ്ഇ.പി, സാലിം പാഴൂർ, കെ.സി ഇസ്മാലുട്ടി, കെ.വി മുഹമ്മദ് റാഫി, സമദ് പറമ്പിൽ, എം.കെ അബ്ദുല്ല മാനൊടിയിൽ, ടി.വി ഷാഫി, എ ടി സലാം, ജൻസ് വടക്കേതൊടി എന്നിവർ നേതൃത്വം നൽകി. ഇതേ നിലയിൽ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാനാണ് അധികൃതർ മുതിരുന്നതെങ്കിൽ ശക്തമായ പ്രതിക്ഷേധവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടു പോകുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി.