കഴുത്തിൽ കുരുക്ക് മുറുക്കി സെൽഫിയെടുത്ത് മാതാവിന് അയച്ചു; യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ കേസ്

NEWSDESK

പെരുമ്പിലാവ് (തൃശൂർ) ∙ കല്ലുംപുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾ നൽകിയ ഗാർഹിക പീഡന പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. കല്ലുംപുറം പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീനയെ (25) ഈ മാസം 25ന് അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സബീനയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണു സൈനുൽ ആബിദിനെതിരെ കേസെടുത്തത്.

സബീനയും ആറും രണ്ടും വയസ്സുള്ള മക്കളും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്. ഭർത്താവ് വിദേശത്താണ്. മരിക്കുന്നതിനു തൊട്ടുമുൻപു സബീന തന്റെ മാതാവിനെ വിളിച്ച് ഭർത്താവ് മാനസികമായി പീഡിപ്പിക്കുകയാണെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞിരുന്നതായി വീട്ടുകാർ പറയുന്നു. കഴുത്തിൽ കുരുക്കു മുറുക്കിയ ശേഷം സെൽഫി എടുത്തു മാതാവിന് അയയ്ക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലെ കൊഴിക്കരയിൽ താമസിക്കുന്ന മാതാവ് ഓട്ടോറിക്ഷ വിളിച്ചു കല്ലുംപുറത്ത് എത്തിയെങ്കിലും സബീനയെ രക്ഷിക്കാനായില്ല.

8 വർഷം മുൻപായിരുന്നു സബീനയും സൈനുൽ ആബിദും തമ്മിലുള്ള വിവാഹം. കഴിഞ്ഞ 7 വർഷവും ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിച്ചാണു മകൾ കഴിഞ്ഞിരുന്നതെന്നു സബീനയുടെ പിതാവ് കൊഴിക്കര തിരുത്തുപുലായ്ക്കൽ സലീം പറയുന്നു. പ്രശ്നങ്ങൾ തീർക്കണം എന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റികളെയും ബന്ധുക്കളെയും സമീപിച്ചിരുന്നു. ബന്ധുക്കളിൽ ചിലർ ഇനി പ്രശ്നം ഉണ്ടാകില്ലെന്ന ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണു മകളെ ആ വീട്ടിൽ തുടർന്നു താമസിക്കാൻ അനുവദിച്ചതെന്നു പിതാവ് പറഞ്ഞു.

error: Content is protected !!