ഉപതെരഞ്ഞെടുപ്പ്; സംസ്ഥാനത്ത്ഇടതുമുന്നണിക്ക് നേട്ടം, 2 പഞ്ചായത്തിലും ഒരു നഗരസഭയിലും ഭൂരിപക്ഷം നഷ്ടപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിലയിൽ എൽഡിഎഫ് നേട്ടമുണ്ടാക്കിയെങ്കിലും രണ്ട് പഞ്ചായത്തിലും ഒരു നഗരസഭയിലും ഇടതുമുന്നണിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്‍റെ തട്ടകമായ പെരിങ്ങമല പഞ്ചായത്തിൽ യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് മാറി മത്സരിച്ച മൂന്ന് പേരും ജയിച്ചു. കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് എത്തിയ വെള്ളനാട് ശശി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി മത്സരിച്ച് ജയിച്ചു.

സംസ്ഥാനത്ത് 49 തദ്ദേശ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 23 ഇടത്ത് ഇടതുമുന്നണി ജയിച്ചു. 19 സീറ്റാണ് യുഡിഎഫിന്. നാലിടത്ത് യുഡിഎഫ് സ്വതന്ത്രര്‍ ജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നാല് സീറ്റുണ്ടായിരുന്ന എൻഡിഎക്ക് ഒരു സീറ്റ് കുറഞ്ഞു. കൊല്ലം ജില്ലയിലെ തൊടിയൂര്‍ പൂയപ്പള്ളി പഞ്ചായത്തിൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി. രണ്ടിടത്തും ഓരോ വീതം യുഡിഎഫ് പിടിച്ചതോടെയാണ് ഇടത് ഭൂരിപക്ഷം കുറഞ്ഞത്. പെരിങ്ങമല പഞ്ചായത്തിലെ കരിമൺകോട്‌, മടത്തറ, കൊല്ലായിൽ വാര്‍ഡുകളിലെ മൂന്ന് മൂന്നംഗങ്ങളും കോൺഗ്രസ്‌ വിട്ട്‌ സിപിഐ എമ്മിലേക്ക് എത്തുകയും സിപിഎമ്മിന് വേണ്ടി മത്സരിക്കുകയുമായിരുന്നു. ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷനിൽ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേര്‍ന്ന വെള്ളനാട്‌ ശശി 1143 വോട്ടിനാണ് ജയിച്ചത്.

യുഡിഎഫ് പ്രതിനിധി എൽഡിഎഫിലേക്കെത്തുകയും കൂറുമാറ്റം കാരണം അയോഗ്യനാകുകയും ചെയ്ത ഒഴിവിലാണ് തൊടുപുഴ നഗരസഭയിൽ തെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ യുഡിഎഫ് 126 വോട്ടിന് ജയിച്ചു. ഇവിടെ ചെയര്‍മാൻ സ്ഥാനം രാജിവെച്ച യുഡിഎഫ് വിമതന്‍റെ നിലപാട് ഇനി നിര്‍ണ്ണായകമാണ്. അച്ഛനും മകനും മത്സരിച്ച രാമങ്കരി പഞ്ചായത്തിലെ വേഴപ്ര പടിഞ്ഞാറാം വാര്‍ഡിൽ എഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മകൻ സരിൻ 9 വോട്ടിനാണ് വിജയിച്ചത്. കാസര്‍കോട് മൊഗ്രാൽ പുത്തൂരിൽ എസ്ഡിപിഐ വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു.

error: Content is protected !!