
newsdesk
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടരുന്നു. സ്വർണവിപണിയിൽ ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്ന രീതിയിൽ ഇന്ന് വിലയിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 2,040 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 97,720 രൂപയായി താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന് 255 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന്റെ വില 12,215 രൂപയിലെത്തി.
ഒരിടവേളയ്ക്ക് ശേഷം ഇന്നലെയാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വലിയ ഇടിവുണ്ടായത്. കഴിഞ്ഞ 12 ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് ഏകദേശം 10,000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ് നിരക്ക്. ഈ ഉയർന്ന നിലവാരത്തിൽനിന്ന് വലിയ ഇടിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഡിസംബർ 23നാണ് കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് വില കുതിച്ചുയർന്ന് റെക്കോർഡ് നിലവാരത്തിലെത്തുകയായിരുന്നു.
തുടർച്ചയായ വിലയിടിവ് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. വിവാഹ ആവശ്യങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി സ്വർണം വാങ്ങാൻ ഒരുങ്ങുന്നവർക്കും വിലക്കുറവ് പ്രതീക്ഷ നൽകുന്നു.
