
newsdesk
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ceo.kerala.gov.in എന്ന വിലാസത്തിൽ പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം. അന്തിമപട്ടിക അനുസരിച്ച് സംസ്ഥാനത്ത് ആകെ 2,71,42,952 വോട്ടർമാരാണുള്ളത്.
പട്ടികയിലെ കണക്ക് പ്രകാരം 1,332,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും 273 ട്രാൻസ്ജെന്റർ വിഭാഗത്തിൽപെട്ടവരുമാണ്. 18-19 പ്രായപരിധിയിലുള്ള 4,66,408 വോട്ടർമാരാണുള്ളത്. 40-49 പ്രായപരിധിയിലാണ് വോട്ടർമാർ കൂടുതലുള്ളത് – 56,32,036 പേർ. 100-109 പ്രായമുള്ള 1501 വോട്ടർമാരും 110-119 പ്രായപരിധിയിലുള്ള 54 പേരുമുണ്ട്.
അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റി പരിശോധനകൾ നടത്താമെന്നും തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. വെബ്‌സൈറ്റിന് പുറമെ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസർമാരുടെ കൈവശവും സൂക്ഷ്മപരിശോധനയ്ക്കായി അന്തിമ പട്ടിക ലഭ്യമാക്കും.
