Site icon CTV Online

വിവാഹത്തിൽ നിന്ന് പിന്മാറില്ല; സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതിശുത വരന്‍

Web Desk

സഹോദരിയുടെ വിവാഹത്തിന് പണം ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിശുത വരന്‍. താന്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. പണത്തിന്റെ ബുദ്ധിമുട്ട് ഉള്ള കാര്യം വിപിന്‍ പറഞ്ഞിരുന്നില്ല. ഇതിന്റെ പേരില്‍ വിവാഹത്തില്‍ നിന്ന് പിന്മാറില്ലെന്നും പ്രതിശ്രുത വരനായ നിതിന്‍ വ്യക്തമാക്കി. പണം ലഭിക്കാത്ത വിഷമത്തില്‍ അമ്മയേയും സഹോദരിയേയും ജുവല്ലറിയില്‍ ഇരുത്തിയതിന് ശേഷം വീട്ടിലെത്തി യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. തൃശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ വിപിന്‍ (25) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹത്തിനായി ആഭരണങ്ങള്‍ എടുക്കാനാണ് ജുവല്ലറിയില്‍ പോയത്.

വായ്പ ലഭിക്കാത്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് സൂചന. മൂന്ന് സെന്റ് ഭൂമി മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ എവിടെ നിന്നും വായ്പ് ലഭിച്ചില്ല. പിന്നാലെ ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പ അനുവദിച്ചതായി അറിയിപ്പ് വന്നു. ഇതോടെ വിവാഹത്തിനുള്ള സ്വര്‍ണം എടുക്കാന്‍ അമ്മയേയും സഹോദരിയേയും കൂട്ടി പോയി.പണവുമായി ഉടന്‍ വരാം എന്ന് പറഞ്ഞാണ് വിപിന്‍ ജുവല്ലറിയില്‍ നിന്ന് പോയത്. എന്നാല്‍ വായ്പ നല്‍കാന്‍ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. ഏറെ നേരം കാത്തിരുന്നിട്ടും വരാതായതോടെ അമ്മയും സഹോദരിയും തിരികെ വീട്ടിലെത്തിയപ്പോഴാണ് വിപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

Exit mobile version