
newsdesk
കൊച്ചി: ഫുട്ബോൾ പ്രേമികളുടെ ഇതിഹാസ താരം ലയണൽ മെസ്സിയുടെ അർജന്റീനാ ടീം നവംബർ 17-ന് കൊച്ചിയിൽ കാൽപ്പന്തുരുട്ടും. ഓസ്‌ട്രേലിയയാണ് അർജൻ്റീനയുടെ എതിരാളികളായി കളത്തിലുണ്ടാവുക. നവംബർ 16 ന് അർജന്റീനാ ടീം കേരളത്തിലെത്തും.
അർജന്റീന അസോസിയേഷൻ പ്രസിഡണ്ട് ഉൾപ്പടെ 87 അംഗങ്ങളാണ് കേരള സന്ദർശനത്തിനെത്തുന്നത്.ചൊവ്വാഴ്ച കൊച്ചിയിലെത്തിയ അർജന്റീനാ ഫുട്‌ബോൾ അസോസിയേഷന്റെ ഇന്റർനാഷണൽ മാനേജർ ഹെക്ടർ ഡാനിയേൽ ഖബ്രേറ ഒരുക്കങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയതോടെയാണ് അർജന്റീനയുടെ വരവ് ഉറപ്പായത്. നവംബർ ആറിനാണ് ഓസ്ട്രേലിയൻ ടീം എത്തുകയെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.
കേരള ഫുട്ബോൾ ചരിത്രത്തിന് മാറ്റം കുറിക്കുന്നതാകും അർജന്റീന ടീമിന്റെ വരവോടുകൂടിയുണ്ടാവുക. കളിക്ക് മുന്നോടിയായി കലൂർ സ്റ്റേഡിയത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതുണ്ടെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ വ്യക്തമാക്കി. നവംബർ 18ന് അർജന്റീന ടീം തിരിച്ച് പോകുമെന്നാണ് നിലവിൽ കിട്ടിയ വിവരമെന്നും മന്ത്രി പറഞ്ഞു.
