newsdesk
മുക്കം: കാരശ്ശേരി പഞ്ചായത്തിൽ ചെറുപുഴയുടെ തീരം വ്യാപകമായി ഇടിയുന്നു. മണ്ടാംകടവ് -കുമാരനെല്ലൂർ ഭാഗത്ത് ചെറുപുഴയുടെ തീരത്തെ ഏഴു കുടുംബങ്ങളാണ് പ്രധാനമായും ഭീഷണി നേരിടുന്നത്. മഴ ശക്തമായി പുഴ നിറയാൻ തുടങ്ങിയതോടെ ഇവരുടെ ആശങ്കയും കനക്കുകയാണ്. പരിഹാരത്തിന് പരാതികളുമായി അധികൃതരെ സമീപിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും പരിഹാരമായില്ല.
മണ്ടാംകടവ് പാലത്തിന് താഴേക്ക് അര കിലോമീറ്ററോളം ദൂരം വരുന്ന തീരമാണ് ഇടിച്ചിൽ ഭീഷണിയിലുള്ളത്. ആലുള്ളകണ്ടി കടവു മുതൽ താഴെ ഭാഗം വരെ വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കിന്റെ ആഘാതം മൂലമാണ് കരയിടിച്ചൽ വലിയ തോതിലാകുന്നത്. ഈ വളവിന്റെ ഭാഗത്തെ പുഴവക്കിലാണ് അഞ്ചു വീടുകളുള്ളത്. ഇവിടെ പുഴയിൽ നിന്ന് കരക്ക് 25 അടിയോളം ഉയരമുണ്ട്. ഉയരം കൂടിയ ഭാഗത്തെ കരയിടിച്ചിൽ വളരെ കൂടുതലാണ്. ഓരോ മഴക്കാലത്തും ഈ ഭാഗം ഇടിഞ്ഞിടിഞ്ഞ് വീടുകളുടെ സമീപത്തെത്തിയ അവസ്ഥയാണ്. ഇത് തുടർന്നാൽ വീടുകൾക്കും തകർച്ചയുണ്ടാകും. 5 -10 സെന്റ് മാത്രമുള്ള കുടുംബങ്ങളുടെ ചെറിയ കൃഷിയും മറ്റുമുള്ള മണ്ണാണ് പുഴയെടുത്തുകൊണ്ടിരിക്കുന്നത്.
പുഴ നിറഞ്ഞാൽ ആലുള്ളകണ്ടി കടവിൽ നിന്ന് ഗതിമാറി കരയിലൂടെ നേരെ ഒഴുകും. കഴിഞ്ഞ വെള്ളപ്പൊക്കസമയത്ത് പുഴ ഗതിമാറിയുള്ള ശക്തമായ ഒഴുക്കിൽ സമീപത്തെ വീടിന്റെ ചുറ്റുമതിൽ തകർന്നിരുന്നു. പുഴയോരം കെട്ടി സംരക്ഷിച്ചില്ലെങ്കിൽ ശക്തമായ കുത്തൊഴുക്കിൽ വീടുകളുടെ തകർച്ചക്കും ഭൂമി പൂർണമായി പുഴയെടുക്കാനും ഇടയാക്കിയേക്കും. പുഴയോരം കരിങ്കല്ല് കെട്ടിയോ കോൺക്രീറ്റ് ചെയ്തോ സംരക്ഷണ ഭിത്തി ഒരുക്കി ഭീഷണിയിൽനിന്ന് രക്ഷിക്കണമെന്നാണ് ഈ കുടുംബങ്ങൾ ആവശ്യപ്പെടുന്നത്.
പാലത്തിനടുത്തുള്ള രണ്ട് വീടുകൾ ഇടിച്ചിൽ ഭീഷണിയോടൊപ്പം എല്ലാ മഴക്കാലത്തും വെള്ളപ്പൊക്ക ദുരിതവും അനുഭവിക്കുന്ന കുടുംബങ്ങളാണ്. മഴക്കാലത്ത് ചെറുപുഴ നിറഞ്ഞാൽ വീടിനകത്തും വെള്ളം കയറും. ഒരു വീടിന്റെ തറയുടെ അടുത്തുവരെ പുഴയോരം ഇടിഞ്ഞുപോയ അവസ്ഥയാണ്. കൊച്ചുകുട്ടികളും മറ്റുമുള്ള ഈ കുടുംബാംഗങ്ങൾക്ക് 60 വർഷത്തോളമായി മുറ്റം പോലും ഇല്ലാത്ത ദുരിതാവസ്ഥയാണ്. നിരവധി പരാതികൾ നൽകിയെങ്കിലും പരിഹാരമുണ്ടാകുന്നില്ലന്ന് തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ പറയുന്നു.