
newsdesk
താമരശ്ശേരി: ദേശീയപാത 766-ൽ താമരശ്ശേരി വട്ടക്കുണ്ടിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കൽ അക്ഷയ് കുമാർ (25) ആണ് മരണപ്പെട്ടത്.
വ്യാഴാഴ്ച അർദ്ധരാത്രി 12 മണിയോടെ താമരശ്ശേരി ഭാഗത്തുനിന്നും കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റിലാണ് ലോറിയിടിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ലായിരുന്നെങ്കിലും, സമീപത്തെ വേ ബ്രിഡ്ജിൽ നിന്ന് തൂക്കം നോക്കി പിന്നോട്ടെടുത്ത് മരം കയറ്റിവന്ന ലോറി ബുള്ളറ്റിലിടിക്കുന്നത് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പിന്നീട് കണ്ടെത്തി.
അപകടമുണ്ടാക്കിയ ലോറി നിർത്താതെ ഓടിച്ചുപോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അര മണിക്കൂറോളം റോഡിൽ രക്തം വാർന്നു കിടന്ന അക്ഷയിനെ, ഇതുവഴിവന്ന മറ്റു യാത്രക്കാരാണ് 108 ആംബുലൻസിൽ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്.
