
newsdesk
താമരശ്ശേരി: താമരശ്ശേരി – ബാലുശ്ശേരി റോഡിൽ ബിഷപ് ഹൗസിനു മുന്നിൽ സ്വകാര്യ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ബസ്സ് യാത്രികരായ രണ്ടുപേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് നിസാരമാണ്.
താമരശ്ശേരിയിൽ നിന്നും നരിക്കുനിയിലേക്ക് പോവുകയായിരുന്ന ‘വെസ്റ്റേൺ’ ബസ്സും ബാലുശ്ശേരി ഭാഗത്തുനിന്നും വരികയായിരുന്ന പിക്കപ്പ് വാനുമാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ മുന്നിലുണ്ടായിരുന്ന ബസ് കണ്ട് ചെറുതായി ബ്രേക്ക് ചെയ്തപ്പോൾ തന്നെ പിക്കപ്പ് വാൻ റോഡിൽ കറങ്ങി അടിക്കുകയായിരുന്നുവെന്ന് ഡ്രൈവർ അഷറഫ് പറഞ്ഞു.
റോഡ് നവീകരണത്തിലെ അപാകതകൾ കാരണം ഈ ഭാഗത്ത് വെള്ളവും ഓയിലും കെട്ടിനിൽക്കുന്നത് പതിവാണെന്നും, ഇതാണ് അപകടങ്ങൾ പെരുകാൻ കാരണമെന്നും നാട്ടുകാർ ആരോപിച്ചു. അപകടത്തെ തുടർന്ന് റോഡിൽ പരന്ന ഓയിലും ഗ്ലാസ്സ് കഷ്ണങ്ങളും മുക്കത്തുനിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് ശുചീകരിച്ച് മാറ്റിയത്. ഇതേത്തുടർന്നാണ് റോഡിലെ ഗതാഗതം പൂർണ്ണസ്ഥിതിയിലായത്.
