താമരശ്ശേരിയിൽ വ്യാജരേഖയുണ്ടാക്കി കെ.എസ്.എഫ്.ഇ.യില്‍നിന്ന് വന്‍തുക വായ്പയെടുത്ത കേസിൽ ; പത്തു കേസുകളിൽകൂടി കുറ്റപത്രം സമർപ്പിച്ചു

താമരശ്ശേരി: വ്യാജരേഖയുണ്ടാക്കി കെഎസ്എഫ്ഇയിൽ നിന്നും പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട 10 കേസുകളിൽകൂടി അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ഈങ്ങാപ്പുഴ കെ.എസ്.എഫ്.ഇ. ശാഖയിൽ നടന്ന വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം സമർപ്പിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. പത്ത് കേസുകളിലും 1200-ഓളം പേജുകളുള്ള കുറ്റപത്രങ്ങളാണ് കോടതിയിൽ വെവ്വേറെ സമർപ്പിച്ചത്.

തുച്ഛമായ വിലയ്ക്ക് വാങ്ങിയ സ്ഥലങ്ങൾ വ്യാജമായി നിർമിച്ച ലൊക്കേഷൻ സ്‌കെച്ച്, ലൊക്കേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയരേഖകൾ ഉപയോഗിച്ചും, വ്യാജസീലുകൾ പതിച്ചും ഈടായി നൽകി കെ.എസ്.എഫ്.ഇ.യിൽനിന്ന് വൻതുക വായ്പയെടുത്തെന്നായിരുന്നു കേസ്. നിർധനരായ വ്യക്തികൾക്ക് ചെറിയതുകകൾ കമ്മിഷൻ നൽകിയായിരുന്നു തട്ടിപ്പ്. ഈങ്ങാപ്പുഴ കെ.എസ്.എഫ്.ഇ. ശാഖയിൽനിന്ന് 11 ചിട്ടിവായ്പയും, വ്യക്തിഗതവായ്പയായി 1.79 കോടിയും പ്രൈസ് മണിയായി 15 ലക്ഷംരൂപയും ഉൾപ്പെടെ 1.94 കോടി രൂപയാണ് പ്രതികൾ കൈവശപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ രജിസ്റ്റർചെയ്ത രണ്ട് കേസുകളിൽ 2022-ൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വ്യാജ ആധാരമുണ്ടാക്കിയ ഹാർഡ്ഡിസ്‌കും, ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഉൾപ്പെടെയുള്ള അറുപതോളം രേഖകളാണ് കുറ്റപത്രത്തിനൊപ്പം കോടതിയിൽ ഹാജരാക്കിയത്. എല്ലാ കേസുകളിലുമായി ഇരുപത് പേരാണ് പ്രതികൾ. ഓരോ കേസിലും എഴുപതോളം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയുംചെയ്തു.
വ്യാജരേഖ ചമയ്ക്കുന്നതിനായി നിർമിച്ച സീലുകൾ കാളികാവിലുള്ള പുഴയിലേക്കെറിഞ്ഞ് നശിപ്പിച്ചതായും സ്‌കാൻചെയ്യുന്നതിന് ഉപയോഗിച്ച ലാപ്ടോപ്പും പ്രിന്ററും വ്യാജരേഖകളും മറ്റും കത്തിച്ച് നശിപ്പിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. തെളിവ് നശിപ്പിച്ചതിനുള്ള വകുപ്പുകൾകൂടി പ്രധാന പ്രതികൾക്കെതിരേ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

പ്രതികളിലൊരാളായ നിസാറുദ്ദീന്റെപേരിൽ കോഴിക്കോട് നോർത്ത് ബീച്ചിനടുത്ത് വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റിലാണ് തട്ടിപ്പിന്റെ ഗൂഢാലോചന നടന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. മലയോരമേഖലയിൽ കുറഞ്ഞവിലയ്ക്ക് സ്ഥലങ്ങൾ പ്രതികളുടെപേരിൽ വാങ്ങി, ചെറിയ പ്ലോട്ടുകളായിത്തിരിച്ച്, വ്യാജരേഖകൾചമച്ച് അവ ഈടുവെച്ച് ഈങ്ങാപ്പുഴ കെ.എസ്.എഫ്.ഇ.യിൽ ചിട്ടികൾക്ക് ചേർന്ന് വായ്പയായും പ്രൈസ് മണിയായും വൻതുക കൈപ്പറ്റുകയായിരുന്നു.

വില്ലേജ് ഓഫീസിൽനിന്ന് ലഭിക്കേണ്ട ലൊക്കേഷൻ സ്‌കെച്ചും മറ്റും വ്യാജ ആധാരത്തിന് അനുയോജ്യമായരീതിയിൽ പ്രതികൾ വരച്ചും എഴുതിയും നിർമിക്കുകയുംചെയ്തു. വ്യാജമായി തയ്യാറാക്കിയ രേഖകൾക്ക് കേസിലെ മറ്റൊരുപ്രതിയായ റിട്ട. തഹസിൽദാർ കെ. പ്രദീപ്കുമാർ വാല്വേഷൻ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വായ്പ ലഭിച്ചത്. കെ.എസ്.എഫ്.ഇ. ചിട്ടിയിൽ ചേർന്നവർക്ക് വായ്പത്തുക ലഭിച്ചദിവസംതന്നെ കമ്മിഷൻ കഴിച്ചുള്ള തുക കേസിലെ പ്രധാന പ്രതിയായ മലപ്പുറം മഞ്ചേരി നറുകര നാലകത്ത് വീട്ടിൽ എൻ. നിയാസലിയുടെ ബന്ധുവായ അനീഷ് റാഷിദിന്റെപേരിലുള്ള എസ്.കെ.എ. ഫ്രൂട്ട്സ് എന്ന അക്കൗണ്ടിലേക്ക് അയച്ചുനൽകിയതായും കുറ്റപത്രത്തിൽ പറയുന്നു.

താമരശ്ശേരി എസ്.ഐ. വി.കെ. റസാഖിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ.മാരായ എ.കെ. രതീഷ്, പി.കെ. ലിനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യിൽ കുറ്റപത്രം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!