Site icon CTV Online

തമിഴ്‌നാട്ടില്‍ വിദ്യാർഥിയെ ക്രൂരമായി മര്‍ദിച്ച അധ്യാപകന്‍ അറസ്​റ്റില്‍

Web Desk

വിദ്യാർഥിയെ ക്രൂരമായി മര്‍ദിക്കുകയും ചവിട്ടുകയും ചെയ്ത അധ്യാപകന്‍ അറസ്​റ്റില്‍. തമിഴ്നാട്ടിലെ ചിദംബരത്തിനടുത്ത് നന്തനാർ സർക്കാർ സ്കൂളിലെ ഫിസിക്സ് അധ്യാപകൻ സുബ്രഹ്മണ്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാത്ത അഞ്ച് വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. കടലൂർ ജില്ലാ കലക്ടർ പ്രാഥമിക അന്വേഷണം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
വിദ്യാർഥിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി. ക്ലാസിലെ വിദ്യാര്‍ഥിയാണ്​ മൊബൈല്‍ ഫോണില്‍ വിഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്​. പതിവായി ക്ലാസ്​ കട്ട്​ ചെയ്യുന്നു എന്ന് ആരോപിച്ചാണ് പ്ലസ്​ടു വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തിച്ച്‌​ മർദിച്ചത്. മുടിയില്‍ പിടിച്ച്‌​ തുടര്‍ച്ചയായി ചൂരല്‍ ​കൊണ്ട് ​പലതവണ അടിക്കുകയും കാലില്‍ ചവിട്ടുകയും ചെയ്യുന്നത് വിഡിയോയിൽ വ്യക്തമാണ്.
കൊവിഡ്​ വ്യാപനം കണക്കിലെടുത്ത്​ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ ഹാജരായാല്‍ മതിയെന്ന്​ ഉത്തരവ്​ നിലനില്‍ക്കവെയാണ്​ അധ്യാപക​ന്റെ ശിക്ഷാനടപടി. അറസ്​റ്റിലായ സുബ്രമണ്യത്തെ കടലൂര്‍ ജയിലില്‍ റിമാന്‍ഡ്​ ചെയ്​തു.

Exit mobile version