
Web Desk
കേരളത്തിൽ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ ടി.നസിറുദ്ദീൻ (78) അന്തരിച്ചു. മൂന്നു പതിറ്റാണ്ടിലധികമായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റാണ്. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച്ച രാത്രി പത്തരയോടെയാണ് മരണം.
കോഴിക്കോട് കൂടാരപ്പുരയിൽ ടി.കെ.മഹമൂദിന്റെയും അസ്മാബിയുടെയും മകനാണ്. ഹിദായത്തുൽ ഇസ്‌ലാം എൽപി സ്കൂൾ, മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ് വ്യാപാരമേഖലയിലേക്കു കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്സ് ഉടമയായിരുന്നു. 1980ൽ മലബാർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായാണു സംഘടനാ പ്രവർത്തനത്തിന്റെ തുടക്കം. 1984ൽ വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായി. 1985ൽ സംസ്ഥാന ജന. സെക്രട്ടറിയായി. 1991 മുതൽ സംസ്ഥാന പ്രസിഡന്റാണ്.
ഭാരത് വ്യാപാര സമിതി അംഗം, വാറ്റ് ഇംപ്ലിമെന്റേഷൻ കമ്മിറ്റി മെംബർ, വ്യാപാരി ക്ഷേമ നിധി വൈസ് ചെയർമാൻ, കേരള മർക്കന്റയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ജുവൈരിയ (വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ് സ്ഥാപക പ്രസിഡന്റ്). മക്കൾ: മൻസൂർ, എൻമോസ്, അഷ്റ, അയ്ന. മരുമക്കൾ: പുനത്തിൽ ആസിഫ്, നിസാമുദ്ദീൻ, ലൗവ് സീന, റോഷ്ന.
കബറടക്കം ഇന്നു വൈകിട്ട് അഞ്ചിന് കണ്ണംപറമ്പ് ജുമാഅത്ത് പള്ളിയിൽ. പരേതനോടുള്ള ആദരസൂചകമായി സംസ്ഥാനവ്യാപകമായി ഇന്നു കടകൾ അടച്ചിടുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര അറിയിച്ചു. വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ ബേക്കറികളും അടച്ചിടുമെന്ന് ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥും സംസ്ഥാന ജനറൽ സെക്രട്ടറി റോയൽ നൗഷാദും അറിയിച്ചു.
