Site icon CTV Online

ലഹരി സംഘത്തിലെ ടീച്ചർ സുസ്മിത ഫിലിപ്പ് അറസ്റ്റിൽ

Web Desk

കാക്കനാട് ലഹരി കടത്തുകേസുമായി ബന്ധപ്പെട്ട് യുവതി അറസ്റ്റിൽ. കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ലഹരിമരുന്ന് കടത്ത് സംഘങ്ങൾക്കിടയിൽ ‘ടീച്ചർ’ എന്ന പേരിലാണ് സുസ്മിത അറിയപ്പെട്ടിരുന്നത്. ഒരു കിലോയിലധികം എം ഡി എം എ യുമായി പിടിയിലായ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കൊച്ചി ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തേതന്നെ ഇവർ എക്‌സൈസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു.

കാക്കനാട് കേസിൽ അറസ്റ്റിലായ പ്രതികളെ ജാമ്യത്തിലിറക്കാനും ലഹരി കടത്തിന് ഉപയോഗിച്ച നായ്ക്കളെ ഏറ്റെടുക്കാനും എത്തിയത് സുസ്മിതയായിരുന്നു. ഇതോടെയാണ് സംശയം കൂടുതൽ ബലപ്പെട്ടത്. ലഹരി വ്യാപാരത്തിന്റെ കൊച്ചിയിലെ മുഖ്യകണ്ണിയാണ് ഇവരെന്നാണ് എക്‌സൈസ് അധികൃതർ പറയുന്നത്. ലഹരികടത്ത് കേസിലെ പ്രതികളുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എക്‌സൈസ് അധികൃതർ വ്യക്തമാക്കി.

Exit mobile version