‘മന്ത്രിസ്ഥാനം രാജിവെക്കില്ല; മോദി മന്ത്രിസഭയിൽ എത്തിയത് അഭിമാനം’; സുരേഷ് ​ഗോപി

കേന്ദ്രനമന്ത്രി സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത പ്രകടിപ്പിച്ചെന്നുള്ള വാർത്തകൾ തള്ളി സുരേഷ് ​ഗോപി. കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ​ഗോപി ഇക്കാര്യം അറിയിച്ചത്. മോദി മന്ത്രി സഭയിൽ എത്തിയതിൽ‌ അഭിമാനമുണ്ടെന്ന് പോസ്റ്റിൽ‌ പറയുന്നു.

കേരളത്തിന്റെ വികസനത്തിനും ഐശ്വര്യത്തിനുമായി പ്രവർത്തിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ സുരേഷ് ഗോപി പറയുന്നു.‘മോദി സർക്കാരിൻ്റെ മന്ത്രി സഭയിൽ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നു എന്ന തെറ്റായ വാർത്തയാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത് തീർത്തും തെറ്റാണ്. മോദി സർക്കാരിൻ്റെ മന്ത്രിസഭയിൽ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളത്തിൻ്റെ വികസനത്തിനും സമൃദ്ധിക്കും പ്രതിജ്ഞാബദ്ധരാണ്’ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

നാലു സിനിമകൾ ചെയ്യാനുണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തെ സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു. കാബിനറ്റ് മന്ത്രി ആയാൽ സിനിമകൾ മുടങ്ങുമെന്നും അറിയിച്ചിരുന്നു. തനിക്ക് സിനിമ ചെയ്തേ മതിയാകൂവെന്നും കേന്ദ്രമന്ത്രിസ്ഥാനം വേണ്ട എന്നായിരുന്നു സുരേഷ് ​ഗോപി നേരത്തെ അറിയിച്ചിരുന്നത്.സിനിമകൾ പൂർത്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകി. കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് മുൻപ് സിനിമകൾ‌ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകി.

സുരേഷ് ​ഗോപി മന്ത്രിസഭയിൽ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി അടക്കമുള്ളവർ നിർബന്ധം പിടിച്ചിരുന്നു. അതിനാൽ നേരത്തെ മന്ത്രിസ്ഥാനത്ത് ഒഴിയാൻ‌ സന്നദ്ധത അറിയിച്ച സുരേഷ് ​ഗോപിയുടെ ആവശ്യത്തെ പ്രധനമന്ത്രി അം​ഗീകരിച്ചില്ലായിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ​ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് സുരേഷ് ​ഗോപി തുടരുന്നതിൽ സ്ഥിരീകരണം വന്നത്. ഏറ്റെടുത്ത സിനിമകൾ പൂർത്തീകരിക്കുമെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!