
newsdesk
കൊച്ചി: മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും മനഃപൂർവ്വം ഒഴിഞ്ഞ് മാറി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. മാദ്ധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാതെ നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ്പ് എവേ ഫ്രം മീ എന്ന് പറഞ്ഞാണ് അദ്ദേഹം ഒഴിഞ്ഞ് മാറിയത്.കൊച്ചിയിലെ കലൂരിലെ ട്രാൻസ്‌ജെൻഡേഴ്സിന്റെ കേരളപ്പിറവി ആഘോഷത്തിനായാണ് സുരേഷ് ഗോപി എത്തിയത്.
മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട്ടെ ഒരു ഹോട്ടലിൽ സുരേഷ് ഗോപി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു വിവാദങ്ങൾക്ക് ആസ്പദമായ സംഭവമുണ്ടായത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (എ-1, 4) വകുപ്പുകൾ ചേർത്താണു കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ സുരേഷ് ഗോപി സോഷ്യൽ മീഡിയയിലൂടെ മാദ്ധ്യമ പ്രവർത്തകയോട് മാപ്പു പറഞ്ഞിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടർ ചോദ്യങ്ങൾ ചോദിച്ച മാദ്ധ്യമപ്രവർത്തകയുടെ തോളിൽ അനുവാദമില്ലാതെ സുരേഷ് ഗോപി കെെ വയ്ക്കുകയായിരുന്നു. കൈ വയ്‌ക്കുമ്പോൾ തന്നെ അവർ അത് തട്ടിമാറ്റുന്നുണ്ട്. എന്നാൽ വീണ്ടും തോളിൽ കെെവയ്ക്കാൻ വരുകയും യുവതി കൈ തട്ടി മാറ്റുകയും ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വലിയ ചർച്ചയ്ക്ക് കാരണമായത് .വിവാദ സംഭവത്തിൽ സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖർ രംഗത്തെത്തിയിരുന്നു. നടനും തിരക്കഥാക്കൃത്തുമായ ജോയി മാത്യുവും ഡബിംഗ് ആർട്ടിസിറ്റായ ഭാഗ്യലക്ഷ്മിയും ബിജെപി പ്രവർത്തകയായ ശോഭാ സുരേന്ദ്രനും പിന്തുണയുമായി എത്തിയിരുന്നു.