newsdesk
തിരൂരങ്ങാടി∙ നവകേരള സദസ്സിലേക്ക് സ്കൂളൂകളിൽനിന്ന് വിദ്യാർഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം. ഓരോ സ്കൂളിൽനിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാനാണ് പ്രധാനാധ്യാപകർക്ക് ലഭിച്ച നിർദേശം. ഇന്നലെ തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേർത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
താനൂർ മണ്ഡലത്തിലെ സ്കൂളുകൾ 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിലെ സ്കൂളുകൾ 100 കുട്ടികളെ വീതവും എത്തിക്കണമെന്നാണ് നിർദേശം. അലമ്പുണ്ടാക്കുന്ന കുട്ടികളെ വിടരുത്, അച്ചടക്കമുള്ള കുട്ടികളെ മാത്രം വിട്ടാൽ മതിയെന്നും പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.
വിദ്യാർഥികളെ സ്കൂളുകളിൽനിന്ന് കൊണ്ടുപോകുന്നത് ചില പ്രധാനാധ്യാപകർ ചോദ്യം ചെയ്തപ്പോൾ മുകളിൽനിന്നുള്ള നിർദേശമാണെന്നും തനിക്ക് കൂടുതൽ അറിയില്ലെന്നുമായിരുന്നു ഡിഇഒയുടെ പ്രതികരണം. വിദ്യാർഥികളെ പുറത്ത് കൊണ്ടുപോകുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം വേണം. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ അതെല്ലാം സ്കൂളുകൾ സ്വന്തംനിലയ്ക്ക് കൈകാര്യം ചെയ്യാനും നിർദേശിച്ചു