
NEWSDESK
കാസർഗോഡ്: നീലേശ്വരം ബങ്കളത്ത് ബന്ധുക്കൾക്കൊപ്പം കുളത്തിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ബങ്കളം പാൽ സൊസൈറ്റിക്കു സമീപം ജമാഅത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകൻ ആൽബിൻ സെബാസ്റ്റ്യൻ (17)ആണ് മരിച്ചത്. ജില്ലയിലെ സ്കൂബാ ടീം അംഗങ്ങളുടെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുളള അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ബന്ധുക്കളായ കുട്ടികൾക്കൊപ്പമാണ് ആൽബിനും നീന്താൻ എത്തിയത്. കുട്ടിയുടെ അമ്മയും ഈ സമയം വെള്ളക്കട്ടിനരികെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് കാണാതായത്. ഇവരുടെ നിലവിളികേട്ട് എത്തിയ നാട്ടുകാർ ഉടൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഓട്ടുകമ്പനിയിലേക്ക് കളിമണ്ണെടുത്ത മൂന്ന് ആൾപൊക്കത്തിലുള്ള കുളത്തിലേക്കാണ് വിദ്യാർത്ഥി വീണത്. ഉപ്പിലക്കൈ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
