Site icon CTV Online

വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച കേസ്; പത്താം ക്ലാസ് വിദ്യാർഥി അറസ്റ്റിൽ

87000 രൂപയും രണ്ടര പവന്‍റെ സ്വർണവുമാണ് മോഷണം പോയത്

WebDesk

കണ്ണൂര്‍: ശ്രീകണ്ഠപുരത്ത് വീട് കുത്തി തുറന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി അറസ്റ്റിൽ. കഴിഞ്ഞ 17 നാണ് പൊടിക്കളത്തെ ദാക്ഷായണിയുടെ വീട്ടിൽ കവർച്ച നടന്നത്. 87000 രൂപയും രണ്ടര പവന്റെ സ്വർണവുമാണ് മോഷണം പോയത്.

പകൽ സമയത്ത് വീട് കുത്തിത്തുറന്നായിരുന്നു മോഷണം. കേസില്‍ പൊലീസ് അന്ന് തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. കൃത്യമായി വീട് അറിയാവുന്നയാളാണ് മോഷണം നടത്തിയത് എന്ന നിഗമനത്തിലായിരുന്നു പൊലീസ്. അതിനിടെയാണ് അയൽവാസിയായ പത്താം ക്ലാസുകാരൻ വീടുവിട്ടിറങ്ങിയ വിവരം പൊലീസിന് ലഭിച്ചത്. രണ്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാർഥി തിരിച്ചെത്താതായതോടെ പൊലീസിന്റെ സംശയം ബലപ്പെടുകയായിരുന്നു.

തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കോഴിക്കോടിനടുത്ത് നിന്ന് കണ്ടെത്തിയത്. കുട്ടി പൊലീസിനോട് കുറ്റ സമ്മതം നടത്തി. കുട്ടിയുടെ കയ്യിൽ നിന്ന് മോഷണം നടത്തിയ മുഴുവന്‍ സ്വർണാഭരണങ്ങളും കണ്ടെടുത്തു. മോഷ്ടിച്ച തുകയില്‍ നിന്ന് 30000 രൂപ കുട്ടി ചിലവഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Exit mobile version