
newsdesk
കോഴിക്കോട്: ജില്ലയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഫറോക്ക് സ്വദേശിയായ നാല്പത്തി മൂന്ന്കാരന് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അർധരാത്രിയോടെ അദ്ദേഹത്തെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
രോഗവ്യാപനം തടയുന്നതിന്റെയും രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ഐസൊലേഷൻ വാർഡുള്ള സാവിത്രി ദേവി സാബു (എസ്.ഡി.എസ്) ബ്ലോക്കിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വാർഡിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കുകയും പ്രദേശത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.
എസ്.ഡി.എസ് ബ്ലോക്ക് പരിസരത്ത് വാഹന പാർക്കിംഗിനും വിലക്കേർപ്പെടുത്തി. രോഗികളും ജീവനക്കാരും സന്ദർശകരും മറ്റ് വഴികൾ ഉപയോഗിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പെടെയുള്ളവർ പ്രധാന ഗേറ്റ് വഴിമാത്രമേ പുറത്തുപോകാവൂ എന്നും അധികൃതർ അറിയിച്ചു.
നിപ്പ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാൽ പേ വാർഡ് മേഖലയിലും സമീപ പ്രദേശങ്ങളിലും പ്രത്യേക രോഗനിയന്ത്രണ നടപടികൾ നടപ്പാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനും ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യർഥിക്കുന്നതായും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
