
NEWSDESK
ഗസ്സ സിറ്റി: ഗസ്സയിലെ അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രി ബോംബിട്ട് തകര്‍ത്ത് ഇസ്രായേല്‍ നടത്തിയ കൊടുംക്രൂരതയില്‍ കുഞ്ഞുങ്ങളടക്കം അഞ്ഞൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയിലെ അൽ അഹ്‍ലി അറബ് ആശുപത്രിക്കു നേരെയാണ് ഇസ്രായേൽ വ്യോമസേനയുടെ മുന്നറിയിപ്പില്ലാതെയുള്ള ആക്രമണം നടന്നത്. ആയിരങ്ങളെ ചികിൽസക്കായി കിടത്തിയ ആശുപത്രിയിൽ ബാക്കിയായത് നൂറുകണക്കിന് മൃതദേഹങ്ങളുടെ നീണ്ടനിരയാണ്.
അല്‍ അഹ്‍ലി ആശുപത്രിയില്‍ നടന്നത് വംശഹത്യയാണെന്നാണ് ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും പറയുന്നത്. ആശുപത്രി പരിസരത്ത് കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്കടുത്ത് നിന്ന് ഇസ്രായേല്‍ ആക്രമണത്തിന്‍റെ ഭീകരതയെ കുറിച്ച് വിവരിക്കുന്നൊരു ഡോക്ടറുടെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
”ഉറപ്പായും ഇതൊരു വംശഹത്യയാണ്. എനിക്ക് പിറകിൽ നിരന്ന് കിടക്കുന്ന മൃതദേഹങ്ങൾ നിങ്ങൾ കാണുന്നില്ലേ. സുരക്ഷക്കായി അവർ കണ്ടെത്തിയ ഇടമാണീ ആശുപത്രി. ഗസ്സയിലെ ഏക ക്രിസ്റ്റ്യൻ ആശുപത്രിയാണിത്. അവിടെയാണീ നിഷ്ഠൂരമായ ആക്രമണം നടന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം നിങ്ങൾക്കറിയില്ലേ. അതാണിവിടെ ലംഘിക്കപ്പെട്ടത്. ആശുപത്രി ഒരു സുരക്ഷിത ഇടമാണ്. എന്റെ ഒരയൽവാസി മരണപ്പെട്ട് കിടക്കുന്നുണ്ടിവിടെ. അദ്ദേഹത്തിന്റെ വീട് ഇസ്രായേൽ തകർത്തു തരിപ്പണമാക്കി. പരിക്കേറ്റ ശേഷം ഈ ആശുപത്രിയായിരുന്നു അദ്ദേഹത്തിന് അഭയം. എന്നാൽ ഇപ്പോളിതാ മൃതദേഹമായി കിടക്കുന്നു. ഇനി ഒരു ആശുപത്രിയിലും ഇങ്ങനെ സംഭവിക്കരുത്. വളരെ കുറച്ച് ആശുപത്രികൾ മാത്രമേ ഇവിടെ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. ഞങ്ങളിപ്പോൾ ഒരിടത്തും സുരക്ഷിതരല്ല. ദയവ് ചെയ്ത് ഈ വംശഹത്യ അവസാനിപ്പിക്കൂ.”- ഡോക്ടര്‍ വീഡിയോയില്‍ പറയുന്നു.